ഫോര്‍മുല വണ്‍ ലോകകിരീടം നികോ റോസ്ബര്‍ഗിന്
|മത്സരം തുടങ്ങുന്നതിന് മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയന്റ് മുന്നിലുണ്ടായിരുന്ന റോസ്ബര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ എത്തിയാല്‍ മതിയായിരുന്നു
ഫോര്‍മുല വണ്‍ ലോകകിരീടം ജര്‍മന്‍ താരം നികോ റോസ്ബര്‍ഗിന്. അബൂദബിയിലെ യാസ് മരീന സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തിലാണ് മെഴ്സിഡസ് ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് കിരീടമണിഞ്ഞത്. ഫോര്‍മുല വണ്‍ കിരീടം നേടുന്ന മൂന്നാമത്തെ ജര്‍മ്മന്‍ താരമാണ് നിക്കോ
അത്യന്തം ആവേശകരമായ മത്സരത്തിനായിരുന്നു അബൂദബി യാസ് മരീന സര്‍ക്യൂട്ട് സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ നിക്കോ റോസ്ബര്‍ഗ് ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കി. ഒന്നാമതെത്തിയത് ഹാമില്‍ട്ടനായിരുന്നു. ആകെ പോയന്റുനിലയിലുള്ള നേട്ടമാണ് റോസ്ബര്‍ഗിനെ കിരീടനേട്ടത്തിന് അര്‍ഹനാക്കിയത്. ഹാമില്‍ട്ടന് 380 പോയന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ റോസ്ബര്‍ഗ് 385 പോയന്റ് നേടി.മത്സരം തുടങ്ങുന്നതിന് മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയന്റ് മുന്നിലുണ്ടായിരുന്ന റോസ്ബര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ എത്തിയാല്‍ മതിയായിരുന്നു.
മത്സരം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഹാമില്‍ട്ടന്‍ തന്നെയായിരുന്നു ഒന്നാമത്.2006 മുതല്‍ ഫോര്‍മുല വണ്ണില്‍ മത്സരിക്കാന്‍ തുടങ്ങിയ റോസ്‌ബെര്‍ഗ് ഫോർമുല വൺ കിരീടം നേടുന്ന മൂന്നാമത്തെ ജർമൻ ഡ്രൈവറാണ്. മൈക്കല്‍ ഷൂമാക്കറും സെബാസ്റ്റിയന്‍ വെറ്റലുമാണ് ഇതിന് മുന്പ് ചാമ്പ്യന്‍മാരായ ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍. റോസ്ബെര്‍ഗ് 2018 വരെ മെഴ്സിഡസിനൊപ്പമുണ്ടാകും.