യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
|സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ മൊണോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. അത്‌ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡ് മത്സരവിജയികളെയാണ് ഫൈനലില്‍ യുവന്റസിന് നേരിടേണ്ടത്.
ഇറ്റാലിയന്‍ കരുത്തര്‍ യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ മൊണോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. അത്‌ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡ് മത്സരവിജയികളെയാണ് ഫൈനലില്‍ യുവന്റസിന് നേരിടേണ്ടത്.
ആദ്യപാദത്തിലെ ആധികാരിക ജയം നേടിയത് കൊണ്ടുതന്നെ രണ്ടാം പാദം സമനിലയായാലും യുവന്റസിന് ഫൈനലില്‍ കടക്കാമായിരുന്നു. എന്നാല്‍ രണ്ടാം പാദത്തിലും ജയമാഘോഷിച്ചാണ് ബുഫണും സംഘവും ഫൈനലില്‍ കടന്നത്. ശക്തമായ പ്രതിരോധ നിരയുള്ള യുവന്റസ് പരിചയസമ്പന്നരാലും സമ്പന്നമായതുകൊണ്ടുതന്നെ ജയം എളുപ്പമായി.
മുപ്പത്തി മൂന്നാം മിനിറ്റില്‍ മരിയോ മാന്‍സുകിക്കിന്റെ ഹെഡര്‍ മൊണോക്കോ ഗോളി ഡാനിയല്‍ സുബാസിക് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത് വന്ന പന്ത് മാന്‍സുകിക് ലക്ഷ്യത്തിലെത്തിച്ച് യുവന്റസിനെ മുന്നിലെത്തിച്ചു. നാല്‍പത്തിനാലാം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ ഊഴമായിരുന്നു. ഇത്തവണയും ഡാനിയല്‍ സുബാസികിന്റെ ശ്രമം ഫലം കാണാതെ പോയി. പക്ഷെ രണ്ടാം പകുതിയില്‍ കിലിയന്‍ മാപ്പെയിലൂടെ മൊണോക്കോ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും ജയം വളരെ അകലെയായിരുന്നു.
ഇന്ന് നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡ് മത്സരവിജയികളെയാകും യുവന്റസ് ഫൈനലില്‍ നേരിടുക.