റെയ്നയും സഞ്ജുവും യൂസഫ് പത്താനും ടിഎന്പിഎല്ലിലേക്ക്
|സംസ്ഥാന അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ലീഗുകളില്‍ മറ്റ് സംസ്ഥാനത്തിലെ താരങ്ങളെ കരാര്‍ അടിസ്ഥാനത്തില്‍ പോലും ഉള്‍പ്പെടുത്തരുതെന്നാണ് ബിസിസിഐ ചട്ടം.
മലയാളി താരം സഞ്ജു വി സാംസണ്, സുരേഷ് റെയ്ന, യൂസഫ് പത്താന് തുടങ്ങി പ്രമുഖ താരങ്ങള്‍ തമിഴ്നാ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി റജ്സിറ്റര് ചെയ്തു. അടുത്ത മാസം 22നാണ് ടിഎന്‍പിഎല്ലിന്റെ രണ്ടാം സീസണ് ആരംഭിക്കുന്നത്. ടിഎന്‍പിഎല്‍ ലേലത്തിനായി താരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് ബിസിസിഐക്ക് വ്യക്തമായ ധാരണയൊന്നും തന്നെയില്ല. സംസ്ഥാന അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ലീഗുകളില്‍ മറ്റ് സംസ്ഥാനത്തിലെ താരങ്ങളെ വാടകയ്ക്കായി പോലും ഉള്‍പ്പെടുത്തരുതെന്നാണ് ബിസിസിഐ ചട്ടം. ഐപിഎല്‍ മാതൃകയില്‍ ടിഎന്‍പിഎല്ലിന് രൂപം നല്കിയ മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ സുവര്‍ണ കാലത്താണ് ഇത്തരമൊരു ഭേദഗതി വരുത്തിയതെന്നതാണ് ശ്രദ്ധേയം. ഈ ചട്ടം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിന്റെ താരമായ പിയൂഷ് ചൌളക്ക് കഴിഞ്ഞ വര്‍ഷത്തെ ടിഎന്‍പിഎല്ലില്‍ പങ്കാളിയാകുന്നതിന് ബിസിസിഐ ആനുമതി നിഷേധിച്ചിരുന്നു.
ടിഎന്പിഎല്ലിലേക്ക് റജിസ്റ്റര്‍ ചെയ്തതായി സുരേഷ് റെയ്ന സ്ഥിരീകരിച്ചു. അവസരം ലഭിക്കുമ്പോഴെല്ലാം കളിക്കുക എന്നതിനാണ് ഒരു കളിക്കാരനെന്ന നിലയില്‍ മുന്‍ഗണന നല്‍കുന്നതെന്നും ജൂലൈയില്‍ മറ്റ് മത്സരങ്ങളൊന്നുമില്ലാത്തതിനാലാണ് തീരുമാനമെന്നും താരം വ്യക്തമാക്കി. ടിഎന്‍പിഎല്ലില്‍ കളിക്കാനായി എന്‍ഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ടിഎന്‍പിഎല്ലില്‍ റജിസ്റ്റര്‍ ചെയ്തതായി സഞ്ജുവും പത്താനും സ്ഥിരീകരിച്ചതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.