കൊഹ്ലിയും യുവരാജും ഒത്തുകളിച്ചെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി
|ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ 180 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് കപ്പ് കരസ്ഥമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയും യുവരാജ് സിംഗും ഒത്തുകളിച്ചെന്ന ആരോപണവുമായി കേന്ദ്ര സാമൂഹ്യ നീതിശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ കളിച്ചവര്‍ക്കു ഫൈനലില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഒത്തുകളിക്കു തെളിവായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
മിക്കപ്പോഴും സെഞ്ചുറി നേടുന്ന വിരാട് കൊഹ്ലിയും വളരെയധികം റണ്‍സ് അടിച്ചുകൂട്ടിയ യുവരാജ് സിംഗിനെപോലുള്ള മുതിര്‍ന്ന താരങ്ങളും പാക്കിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തില്‍ തോല്ക്കാന് വേണ്ടിയെന്ന രീതിയിലാണ് കളിച്ചത്. 2009ലെ ലോക ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിനുശേഷമുള്ള പാക്കിസ്ഥാന്റെ കിരീടനേട്ടമാണിത്. ഒത്തുകളി നടന്നിട്ടുണ്ടോ? അന്വേഷിക്കപ്പെടേണ്ട കാര്യമാണത് മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ അത്താവാലെ പറഞ്ഞു. നിരവധി തവണ ഇന്ത്യക്കു മുന്നില്‍ തോറ്റിട്ടുള്ള പാക്കിസ്ഥാന് ഇക്കുറി ഇന്ത്യയെ നാണംകെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ 180 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് കപ്പ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.