കൊഹ്‍ലി ഇരട്ട ശതകം നേടുമെന്ന് കരുതുന്നതായി ധവാന്‍
|നായകനും പരിശീലകനും അകമഴിഞ്ഞ പിന്തുണ നല്‍കുന്നു എന്നത് ഒരു കളിക്കാരന് സമ്മാനിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. എനിക്കത് ...
ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലിയുമൊത്ത് ബാറ്റ് ചെയ്യുന്നത് എന്നും ഒരു ആനന്ദമാണെന്നും ആന്‍റിഗ ടെസ്റ്റില്‍ നൂറ് പിന്നിട്ടിട്ടും മനോഹരമായി ബാറ്റ് വീശുന്ന കൊഹ്‍ലി ഇരട്ട ശതകം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ഓപ്പണര്‍ ശിഖിര്‍ ധവാന്‍. വിരാട് കളിക്കുന്നത് ആസ്വദിക്കുന്നതുപോലെ സുഖകരമായ ഒരു അനുഭവമില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ടൈമിംഗ്. സ്ട്രൈക്ക് പരസ്പരം കൈമാറി നല്ല വേഗത്തില്‍ തന്നെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തങ്ങളുടെ കൂട്ടുകെട്ടിനായതെന്നത് നിര്‍ണായകമായതായും ധവാന്‍ പറഞ്ഞു. മോശം ഫോമിന്‍റെ പിടിയിലായിരുന്നിട്ടും നായകനും പരിശീലകനും തനിക്ക് നല്‍കിയ പിന്തുണ വലുതാണെന്നും ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പണിങ് എന്നത് ശ്രമകരമായ ഒരു ദൌത്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് ഒരു വലിയ ഹൃദയം ആവശ്യമാണ്. ബൌളര്‍മാരും പരമാവധി മികവിലും കരുത്തിലും ബൌള്‍ ചെയ്യുകയായിരിക്കും എന്നതിനാല്‍ സാങ്കേതികമായുള്ള പൂര്‍ണ്ണത ഓപ്പണര്‍ക്ക് അനിവാര്യമാണ്. ഒരുപാട് പന്തുകള്‍ ഒന്നും ചെയ്യാതെ നിങ്ങള്‍ക്ക് വിടേണ്ടതായി വരും. ഒരു ഓപ്പണറെ സംബന്ധിച്ചിടത്തോളം ക്ഷമയും പരമപ്രധാനമാണ്. നായകനും പരിശീലകനും അകമഴിഞ്ഞ പിന്തുണ നല്‍കുന്നു എന്നത് ഒരു കളിക്കാരന് സമ്മാനിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. എനിക്കത് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം കളിക്കാരനും വേണം. ഇതിന്‍റെയെല്ലാം ഒരു മിശ്രിതമാണ് കളത്തിലെ പ്രകടനങ്ങള്‍. ഏറെ നേരം ക്രീസില്‍ നിലയുറപ്പിച്ച ശേഷം നൂറിന്‍റെ അരികെവച്ച് കൂടാരം കയറേണ്ടി വന്നതില്‍ നിരാശയുണ്ട്.
രണ്ടാം ദിവസം പരമാവധി ബാറ്റ് ചെയ്ത് മികച്ച ഒരു സ്കോര്‍ പടുത്തുയര്‍ത്തുകയായിരിക്കും ഞങ്ങളുടെ ലക്ഷ്യം. വിരാട് കൊഹ്‍ലി ഇപ്പോഴും ക്രീസിലുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. അദ്ദേഹത്തിന് ഇരട്ട ശതകമോ ട്രിപിളോ അടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.