മില്ലര്‍ മിന്നി, 372 റണ്‍ വിജയലക്ഷ്യം നീന്തികടന്ന് ദക്ഷിണാഫ്രിക്ക
|അഞ്ച് വിക്കറ്റിന് 217 എന്ന നിലയില്‍ പരാജയത്തെ അഭിമുഖീകരിച്ച ദക്ഷിണാഫ്രിക്കക്കായി ഡേവിഡ് മില്ലര്‍ ഏകനായി പടനയിക്കുകയായിരുന്നു
റണ്‍ മഴ കണ്ട ഏകദിന മത്സരത്തില്‍ ആസ്ത്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നായകന് സ്മിത്തിന്റെയും (108) ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (117)യും ശതകങ്ങളുടെ കരുത്തില്‍ 371 റണ്‍ അടിച്ചു കൂട്ടിയെങ്കിലും തുടര്‍ന്ന് പാഡണിഞ്ഞ ആതിഥേയര്‍ ഇത് കണ്ട് തെല്ലും വിരളാതെയാണ് ബാറ്റ് വീശിയത്. അഞ്ച് വിക്കറ്റിന് 217 എന്ന നിലയില്‍ പരാജയത്തെ അഭിമുഖീകരിച്ച ദക്ഷിണാഫ്രിക്കക്കായി ഡേവിഡ് മില്ലര്‍ ഏകനായി പടനയിക്കുകയായിരുന്നു. 79 പന്തുകളില്‍ നിന്നും ആറ് പടുകൂറ്റന്‍ സിക്സറുകളുടെയും പത്ത് ബൌണ്ടറികളുടെയും സഹായത്തോടെ 118 റണ്‍സുമായി അജയ്യനായി നിലകൊണ്ട മില്ലര്‍ ഏഴാം വിക്കറ്റില്‍ ആന്‍ഡില്‍ പെഹ്ലുക്വായോയുമൊത്ത് 70 പന്തുകളില്‍ നിന്നും 107 റണ്‍സാണ് തുന്നിച്ചേര്‍ത്തത്.
അവസാന അഞ്ച് ഓവറുകളില്‍ 71 റണ്‍സ് സ്വന്തമാക്കി നില തീര്‍ത്തും ഭദ്രമാക്കിയ കംഗാരുക്കളെ ഞെട്ടിച്ചു കൊണ്ട് നാല് പന്ത് ബാക്കി നില്‍ക്കെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ വേട്ടയോടെ ദക്ഷിണാഫ്രിക്ക വിജയികളായി. ഒമ്പത് ബൌണ്ടറികളോടെ 45 റണ്‍സെടുത്ത ആംലയും 49 പന്തുകളില്‍ നിന്നും എഴുപതിലേക്ക് കുതിച്ച ഡികോക്കും സ്വപ്ന തുല്യമായ തുടക്കം നല്‍കിയെങ്കിലും ഇടയ്ക്ക് ദക്ഷിണാഫ്രിക്കക്ക് താളം തെറ്റി. ഇതോടെയാണ് മില്ലറുടെ ശക്തി കംഗാരുക്കൂട്ടം അടുത്തറിഞ്ഞത്.