ഫ്ലോയിഡ് മെയ്‍വെതറിന് ജയം
|മെയ്‍വെതറിന്റെ കരിയറിലെ തുടര്‍ച്ചയായ അന്പതാം ജയമാണിത്.
നൂറ്റാണ്ടിന്റെ ബോക്‌സിങ് പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ചാംപ്യന്‍. അയര്‍ലാന്‍ഡിന്റെ കോണാര്‍ മക്ഗ്രിഗറിനെയാണ് തോല്‍പ്പിച്ചത്. കരിയറിലെ തുടര്‍ച്ചയായ അമ്പതാം ജയത്തോടെ മെയ്‌വെതര്‍ റിങ്ങിനോട് വിടപറഞ്ഞു
ലോകം മണിക്കൂറുകളോളം കാത്തിരുന്ന മുഷ്ടിയുദ്ധത്തില്‍ ഒടുവില്‍ നൂറ്റാണ്ടിന്റെ താരം തന്നെ ചാംപ്യന്‍പട്ടമണിഞ്ഞു. ഫ്‌ലോയിഡ് മെയ്‌വെതറിന് തന്നെയാണ് കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്. പക്ഷെ ശക്തമായ വെല്ലുവിളിയാണ് യുഎഫ്‌സി ചാംപ്യനായ മക്ഗ്രിഗര്‍ ഉയര്‍ത്തിയത്. ആദ്യ മൂന്ന് റൌണ്ടില്‍ മക്ഗ്രിഗറായിരുന്നു മുന്നില്‍. പക്ഷെ, പിന്നീടുള്ള റൗണ്ടുകളില്‍ പതുക്കെ മുന്നേറി ഒടുവില്‍ പത്താം റൌണ്ടില്‍ മെയ്‌വെതര്‍ വിജയം പിടിച്ചെടുത്തു. മെയ്‌വെതറിന്റെ കൈക്കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മക്ഗ്രിഗറിന് ആകുമായിരുന്നില്ല.
പ്രതിരോധത്തിലും പ്രത്യാക്രമണത്തിലുമൂന്നിയുള്ള ശൈലിയാണ് മെയ്‌വെതറിനെ എക്കാലത്തും വിജയിയാക്കിയത്. കരിയറില്‍ ഇതുവരെ തോല്‍വിയറിയാത്ത മെയ്‌വെതര്‍ തുടര്‍ച്ചയായ അമ്പതാം ജയവുമായി റിങ്ങിനോട് വിടപറഞ്ഞു. ഇതുവരെ ഒരു താരത്തിനും നേടാനാകാത്ത റെക്കോര്‍ഡുകളുമായി. ലോക ബോക്‌സിങ് കൗണ്‍സിലിന്റെയും ലോക ബോക്‌സിങ് അസോസിയേഷന്റെയും കിരീടമുള്‍പ്പെടെ നിരവധി പുരസ്‌കാരം നേടിയിട്ടുള്ള മെയ്‌വെതര്‍ ലോകത്തെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളാണ്.