Sports
ഇരട്ട ശതകങ്ങളില്‍ റെക്കോഡുമായി പുജാരഇരട്ട ശതകങ്ങളില്‍ റെക്കോഡുമായി പുജാര
Sports

ഇരട്ട ശതകങ്ങളില്‍ റെക്കോഡുമായി പുജാര

admin
|
8 May 2018 11:08 AM GMT

11 ഇരട്ട ശതകങ്ങളുമായി മുന്നിലുണ്ടായിരുന്ന വിജയ് മര്‍ച്ചന്‍റിനെയാണ് പുജാര മറികടന്നത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരില്‍ പത്ത്


വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിനോട് പലപ്പോഴും താരതമ്യപ്പെടുത്തുന്ന താരമാണ് ചേതേശ്വര്‍ പുജാര. ക്രീസില്‍ നിലയുറപ്പിച്ചാല്‍ സ്വന്തം വിക്കറ്റിന് ഇത്രയേറെ മൂല്യം നല്‍കുന്ന ക്രിക്കറ്റര്‍മാര്‍ സമകാലീന ക്രിക്കറ്റില്‍ കുറവാണ്. ആക്രമണോത്സുകമല്ലെങ്കിലും എതിരാളികളെ മാനസികമായി തളര്‍ത്താന്‍ പുജാരയുടെ ക്രീസിലെ സാന്നിധ്യം ധാരാളം. ഇംഗ്ലീഷ് കൌണ്ടിയിലെ ആദ്യം സംരംഭത്തില്‍ വിചാരിച്ചത്ര തിളങ്ങാനാകാതെ പോയ താരം രഞ്ജിയില്‍ ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. അതും മിന്നും ഇരട്ട ശതകത്തോടെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുജാര നേടുന്ന പന്ത്രണ്ടാമത് ഇരട്ട ശതകമാണ് ജാര്‍ഖണ്ടിനെതിരെ പിറന്നത്.

355 പന്തില്‍ നിന്നും 204 റണ്‍സിലേക്ക് കുതിച്ച പുജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട ശതകങ്ങള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും കൈപ്പിടിയിലൊതുക്കി. 11 ഇരട്ട ശതകങ്ങളുമായി മുന്നിലുണ്ടായിരുന്ന വിജയ് മര്‍ച്ചന്‍റിനെയാണ് പുജാര മറികടന്നത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരില്‍ പത്ത് ഇരട്ട ശതകം വീതമാണ് ഉള്ളത്. ഏഷ്യന്‍ താരങ്ങളില്‍ 13 ഇരട്ട ശതകങ്ങളുള്ള ശ്രീലങ്കയുടെ കുമാര സംഗക്കാരയാണ് പുജാരക്ക് മുന്നിലുള്ളത്. 37 തവണ ഇരുനൂറ് പിന്നിട്ട സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയുടെ മുന്‍ പന്തിയില്‍.

വലിയ ആളുകളുടെ പേരിലുള്ള റെക്കോഡുകള്‍ മറികടക്കാനായതില്‍ സന്തോഷമുണ്ടെന്ന് പുജാര പറഞ്ഞു. ക്രിക്കറ്റില്‍ പരമാവധി ശ്രദ്ധയൂന്നാനാണ് താത്പര്യം. ചില റെക്കോഡുകള്‍ മറികടക്കുന്നത് സന്തോഷം നല്‍കുമെങ്കിലും ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts