കോപ്പയിലെ 'താരസമൂഹ'ത്തില്‍ നെയ്‍മറില്ല
|സൂപ്പര്‍താരങ്ങളുടെ കൂട്ടമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. യൂറോപ്യന്‍ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങള്‍ വ്യത്യസ്ത ടീമുകളിലായി മുഖാമുഖം നില്‍ക്കും.
സൂപ്പര്‍താരങ്ങളുടെ കൂട്ടമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. യൂറോപ്യന്‍ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങള്‍ വ്യത്യസ്ത ടീമുകളിലായി മുഖാമുഖം നില്‍ക്കും. ബ്രസീലിന്‍റെ നെയ്മര്‍ മാത്രമാണ് കോപ്പയില്‍ പന്തുതട്ടാന്‍ ഇറങ്ങാത്തത്.
ലയണല്‍ മെസി, ലൂയിസ് സുവാരസ്, അലക്സിസ് സാഞ്ചസ്, സെര്‍ജിയോ അഗ്യൂറോ.. പ്രതിഭകളുടെ പോര്‍ക്കളമാണ് കോപ്പ അമേരിക്ക. ഓരോ ചുവടിലും മാന്ത്രജാലം തീര്‍ക്കുന്നവര്‍, ഓരോ നീക്കത്തിലും കാല്‍പന്തില്‍ കവിത രചിക്കുന്നവര്‍. എക്കാലത്തെയും പോലെ സൂപ്പര്‍താരങ്ങളെ കൊണ്ട് സമ്പന്നരായ ടീം അര്‍ജന്റീന തന്നെയാണ് ഫേവറൈറ്റുകള്‍.
നായകന്‍ മെസിക്ക് പിന്നാലെ സെര്‍ജിയോ അഗ്യൂറോയും എയ്ഞ്ചല്‍ ഡി മരിയയുമെല്ലാം അര്‍ജന്റീനന്‍ സംഘത്തിലെ നക്ഷത്ര കാഴ്ചകളാണ്. മൂവരും യൂറോപ്യന്‍ ലീഗില്‍ ഉജ്വല ഫോമിലും. ലൂയിസ് സുവാരസിന്റെ മടങ്ങി വരവാണ് ഉറുഗ്വായക്ക് സൂപ്പര്‍താര പരിവേഷം നല്‍കുന്നത്. വിലക്ക് മൂലം കഴിഞ്ഞ വര്‍ഷത്തെ കോപ്പ നഷ്ടപ്പെട്ട സുവാരസ് യൂറോപ്പില്‍ ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടി കാത്തിരിപ്പിലാണ്.
അലക്സിസ് സാഞ്ചസാണ് ചിലിയുടെ കരുത്ത്. ആഴ്സണലില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചിലിയുടെ ചുവന്ന കുപ്പായത്തില്‍ സാഞ്ചസ് അപകടകാരിയാണ്. കൂട്ടിന് അര്‍ടുറോ വിദാല്‍ കൂടി വരുന്നതോടെ ചിലിയുടെ ചിരി കൂടും.
നെയ്മറാണ് കോപ്പയുടെ നഷ്ടം. നെയ്മറില്ലാത്ത ബ്രസീലിനെ ലോകകപ്പില്‍ ജര്‍മ്മനിക്കെതിരെ കണ്ടതാണ്. എന്നാല്‍ ബയേണ്‍ മ്യൂണികിന്റെ ഡഗ്ലസ് കോസ്റ്റയിലാണ് കാനറികളുടെ പ്രതീക്ഷ. കൊളംബിയയുടെ നഷ്ടപ്രതാപം വീണ്ടെടുത്തത് ഹാമിഷ് റോഡ്രിഗസ് എന്ന ഇടംകാലനാണ്. ലോകകപ്പിലും കോപ്പ അമേരിക്കയിലും റോഡ്രിഗസ് തകര്‍ത്താടി. ഇവരില്‍ ഒതുങ്ങുന്നതല്ല ഈ നക്ഷത്ര കൂട്ടം.
ഇക്വഡോറിന്റെ എന്നര്‍ വലന്‍സിയ, മെക്സിക്കോയുടെ ചിച്ചാരിറ്റോ, കൊളംബിയയുടെ ക്വഡ്രോഡ.. ബൂട്ടില്‍ മാജിക് ഒളിപ്പിച്ച് വെച്ച താരങ്ങള്‍ നിരവധിയുണ്ട്.