Sports
ഒളിമ്പിക്സ് ആവേശത്തിനപ്പുറം ലിംഗ വിവേചനത്തിന്റെ കഥ കൂടി പറയാനുണ്ട് ഈ ഇന്ത്യന്‍താരങ്ങള്‍ക്ക്ഒളിമ്പിക്സ് ആവേശത്തിനപ്പുറം ലിംഗ വിവേചനത്തിന്റെ കഥ കൂടി പറയാനുണ്ട് ഈ ഇന്ത്യന്‍താരങ്ങള്‍ക്ക്
Sports

ഒളിമ്പിക്സ് ആവേശത്തിനപ്പുറം ലിംഗ വിവേചനത്തിന്റെ കഥ കൂടി പറയാനുണ്ട് ഈ ഇന്ത്യന്‍താരങ്ങള്‍ക്ക്

Jaisy
|
9 May 2018 5:28 AM GMT

അവഗണനയുടെയും അധ്യായം കൂടി പിന്നിട്ടാണ് വിനേഷ് ഫൊഗാട്ടും സാക്ഷി മാലികും ബബിതാ കുമാരിയും റിയോയിലെ ഗോദയിലെത്തിയിരിക്കുന്നത്

ഒളിമ്പിക്സ് ആവേശത്തിനപ്പുറം ഇന്ത്യയുടെ വനിതാഗുസ്തി താരങ്ങള്‍ക്ക് പറയാന്‍ മറ്റൊരു കഥ കൂടിയുണ്ട്. ലിംഗവിവേചനത്തിന്റെയും അവഗണനയുടെയും അധ്യായം കൂടി പിന്നിട്ടാണ് വിനേഷ് ഫൊഗാട്ടും സാക്ഷി മാലികും ബബിതാ കുമാരിയും റിയോയിലെ ഗോദയിലെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ബിലാലി ഗ്രാമത്തിലേക്ക് 140 കിലോമീറ്റര്‍ ദൂരം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിലാണ് ഗ്രാമത്തിലെ ആളുകളും അവരുടെ ജീവിതവും. പുരുഷന്മാരെയും സ്ത്രീകളെയും രണ്ട് തട്ടില്‍ നിര്‍ത്തിയാണ് ബലാലിക്ക് ശീലം. സ്ത്രീ-പുരുഷാനുപാതത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണിന്നും ഹരിയാന. 1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകള്‍. പെണ്‍ഭ്രൂണഹത്യകള്‍ക്ക് ഇപ്പോഴും വ്യാപകം.

ആഘോഷിക്കപ്പെടാത്ത പെണ്‍ജനനങ്ങള്‍, നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം . ഈ ബലാലിയില്‍ നിന്നാണ് വിനേഷ് ഫൊഗാട്ടിന്റെയും സാക്ഷി മാലിക്കിന്റെയും ബബിതാ കുമാരിയുടെയുമെല്ലാം അതിജീവനത്തിന്റെ കഥ തുടങ്ങുന്നത്. മക്കള്‍ ഗുസ്തി ചാമ്പ്യന്മാരാകുന്നത് സ്വപ്നം കണ്ട മഹാവീര്‍ സിങ് ഫൊഗാട്ട് എന്ന അച്ഛന്റെയും കൂടി കഥ. വിവാഹം കഴിച്ച് ഒതുങ്ങി ജീവിക്കേണ്ട പെണ്‍കുട്ടികളെ ഗോദയിലിറക്കുന്നതിനെതിരെ ഹരിയാനയിലെ സാമുദായികസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പെണ്‍കുട്ടികള്‍ ഗുസ്തി പിടിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല . എന്നാല്‍ സ്വപ്നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ച് നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാനായിരുന്നില്ല ഇവരുടെ തീരുമാനം.

ഷോര്‍ട്ട്സ് ധരിക്കുന്നതിനെയും പുരുഷന്മാര്‍ക്കൊപ്പം പരിശീലനം നടത്തുന്നതിനെയും വിലക്കിയ സമൂഹത്തില്‍ ഈ പെണ്‍കുട്ടികള്‍ ശക്തി പരീക്ഷിച്ചു. 2010ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടിയത് ബലാലിയില്‍ നിന്നെത്തിയ ബബിതാ കുമാരിയുടെ ചേച്ചി ഗീത ഫോഗട്ടാണ്. 2012ല്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തിതാരമായി ഗീത.

പുരുഷന്മാര്‍ക്ക് മാത്രം സാധ്യമായതെന്ന് കരുതിയിരുന്ന ഗുസ്‌തിയില്‍ നേട്ടം കൊയ്ത പെണ്‍കുട്ടികളെ ഗ്രാമം അത്ഭുതത്തോടെ നോക്കി. വ്യക്തിപരമായ നേട്ടങ്ങള്‍ക്കൊപ്പം ബലാലി എന്ന ചെറുഗ്രാമവും പ്രശസ്തിയിലേക്കുയര്‍ന്നു. വിനേഷ് ഫോഗട്ടും ബബിതാ കുമാരിയും സാക്ഷി മാലികുമെല്ലാം ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. എതിര്‍പ്പുകളെ മറികടന്ന് സ്വപ്നങ്ങള്‍ക്ക് പിന്നാലെ കുതിക്കാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണിന്നിവര്‍.

Similar Posts