ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആറ് മാസത്തെ മാച്ച് ഫീ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
|കളത്തിലിറങ്ങുന്ന ഓരോ കളിക്കാരനും 15 ലക്ഷം രൂപയും റിസര്‍വ് ബഞ്ചിലുള്ള ഓരോ താരത്തിനും ഏഴ് ലക്ഷം രൂപയുമാണ് ഒരു ടെസ്റ്റിന് മാച്ച് ഫീയായി നല്‍കേണ്ടത്....
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിരുന്ന ഹോം സീസണാണ് കടന്നു പോയത്. ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്. ആസ്ത്രേലിയ എന്നീ ടീമുകള്‍ക്കെതിരെ നടന്ന ടെസ്റ്റുകളില്‍ മിന്നും ജയത്തോടെ പരന്പരകള്‍ സ്വന്തമാക്കിയ കൊഹ്ലിക്കും സംഘത്തിനും പക്ഷേ പ്രതിഫലം ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മാപ്പ് ഫീക്ക് പുറമെ തിളങ്ങുന്ന പ്രകടനത്തിന് ടീമിലെ ഓരോ അംഗത്തിനും വാഗ്ദാനം ചെയ്ത ഒരു കോടി രൂപ വീതമെന്ന പ്രത്യേക സമ്മാനവും നാളിതുവരെയായി നല്‍കിയിട്ടില്ലെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു, കളത്തിലിറങ്ങുന്ന ഓരോ കളിക്കാരനും 15 ലക്ഷം രൂപയും റിസര്‍വ് ബഞ്ചിലുള്ള ഓരോ താരത്തിനും ഏഴ് ലക്ഷം രൂപയുമാണ് ഒരു ടെസ്റ്റിന് മാച്ച് ഫീയായി നല്‍കേണ്ടത്.
ബിസിസിഐയുടെ നടത്തിപ്പിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയും അധികൃതരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ലാഭ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഐസിസിയും ബിസിസിയും തമ്മില്‍ തുടരുന്ന പോരുമാണ് മാച്ച് ഫീ നല്‍കാത്തതിന് കാരണമായി നല്കുന്ന അനൌദ്യോഗിക വിശദീകരണം. ഒരു പരന്പര നടന്ന് രണ്ട് മാസത്തിനകം ചെക്ക് മുഖേനയാണ് കളിക്കാരുടെ പ്രതിഫലം നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ വയര്‍ ട്രാന്‍സ്ഫറിലൂടെ പണം കൈമാറിയാല്‍ മതിയെന്നാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ നിലപാട്.
കളിക്കാരുടെ പ്രതിഫലം ഇത്രയേറെ വൈകുന്നത് ഇതാദ്യമായാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. ഒരു ടെസ്റ്റ് നടന്ന് 15 ദിവസം അല്ലെങ്കില്‍ പരമാവധി ഒരു മാസത്തിനകം പ്രതിഫലം കളിക്കാരുടെ അക്കൌണ്ടിലെത്തുമായിരുന്നു.