ഫോം ഔട്ടായാല്‍ നേരെ പോയി ഷൈന്‍ വോണിന്റെ ബൗളിംങ് കാണുന്ന കുല്‍ദീപ്
|ആസ്‌ത്രേലിയക്കെതിരായ കുല്‍ദീപിന്റെ പ്രകടനത്തെ പുകഴ്ത്തിയുള്ള ഷൈന്‍വോണിന്റെ ട്വീറ്റുകള്‍ വായിച്ചതിന്റെ ആവേശം ഇപ്പോഴും ഈ യുവതാരത്തിന് അവസാനിച്ചിട്ടില്ല.
ഈ സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ താരോദയം ആരാണെന്ന ചോദ്യത്തിന് കുല്‍ദീപ് യാദവ് എന്നാണുത്തരം. തന്റെ ബൗളിംങില്‍ എന്തെങ്കിലും പിഴവ് തോന്നിയാല്‍ കുല്‍ദീപ് എന്താണ് ചെയ്യുന്നതെന്നോ, നേരെ പോയി 2005 ആഷസിലെ ഷൈന്‍ വോണിന്റെ ബൗളിംങ് കാണും. ആരാധനാപാത്രമായ ഷൈന്‍ വോണ്‍ തന്നെയാണ് തന്റെ പാഠപുസ്തകവുമെന്ന് തുറന്നു സമ്മതിക്കാന്‍ ഈ ഇന്ത്യന്‍ സ്പിന്നര്‍ക്ക് മടിയില്ല.
ചെറുപ്പത്തിലേ തുടങ്ങിയതാണ് കുല്‍ദീപിന് ഷൈന്‍ വോണിനോടുള്ള ആരാധന. കൈക്കുഴ ഉപയോഗിച്ച് പന്തെറിയുന്ന സ്പിന്നര്‍ എന്ന നിലയില്‍ കുല്‍ദീപ് അതിസൂഷ്മമായി വോണിന്റെ ആക്ഷനെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് കുല്‍ദീപ്. ഷൈന്‍ വോണ്‍ വലം കയ്യനാണെങ്കില്‍ കുല്‍ദീപ് ഇടം കയ്യന്‍ റിസ്റ്റ് സ്പിന്നറാണെന്ന് മാത്രം. ആസ്‌ത്രേലിയക്കെതിരായ കുല്‍ദീപിന്റെ പ്രകടനത്തെ പുകഴ്ത്തിയുള്ള ഷൈന്‍വോണിന്റെ ട്വീറ്റുകള്‍ വായിച്ചതിന്റെ ആവേശം ഇപ്പോഴും ഈ യുവതാരത്തിന് അവസാനിച്ചിട്ടില്ല.
ചെറുപ്പം മുതല്‍ ആരാധിക്കുന്ന വോണിന്റെ 50%എങ്കിലും ആവാനായാല്‍ ജീവിതം വിജയിച്ചുവെന്ന് കരുതുന്നയാളാണ് കുല്‍ദീപ് യാദവ്. ഷൈന്‍ വോണ്‍ മാത്രമല്ല ആസ്‌ത്രേലിയന്‍ സ്പിന്നറായ ബ്രാഡ് ഹോഗിനേയും നിരന്തരം പിന്തുടരുന്നയാളാണ് കുല്‍ദീപ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഇവര്‍ ഒന്നിച്ചു കളിച്ചിട്ടുമുണ്ട്. കുല്‍ദീപിനെ പോലെ ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നറാണ് ബ്രാഡ് ഹോഗും. നാല്‍പ്പത്താറാം വയസിലും ക്രിക്കറ്റില്‍ സജീവമായുള്ള ബ്രാഡ് ഹോഗില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നാണ് കുല്‍ദീപിന്റെ അഭിപ്രായം.
ഇന്ത്യന്‍ പര്യേടനത്തിനെത്തിയ ആസ്‌ത്രേലിയക്ക് ഏറ്റവും കൂടുതല്‍ തലവേദനയായത് കുല്‍ദീപ് ചാഹല്‍ സ്പിന്‍ കൂട്ടുകെട്ടാണ്. ഏകദിന പരമ്പരയില്‍ ഇവര്‍ പതിമൂന്ന് ഓസീസ് വിക്കറ്റുകളാണ് പിഴുതത്. ആദ്യ ട്വന്റി 20യില്‍ ആസ്‌ത്രേലിയയെ 118ലേക്ക് ചുരുക്കിയതും ഈ സ്പിന്നര്‍മാരായിരുന്നു. പരമ്പരയിലെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ കോഹ്ലി അടക്കമുള്ളവര്‍ കുല്‍ദീപിനേയും ചാഹലിനേയും അഭിനന്ദനങ്ങള്‍കൊണ്ട് മൂടിയിരുന്നു.
23കാരനായ കുല്‍ദീപ് യാദവിന്റെ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നതാണ് വസ്തുത. ഒരു ടെസ്റ്റും 11 ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് കുല്‍ദീപ് ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ളത്. ആദ്യ കുറച്ച് മത്സരങ്ങള്‍ക്കു ശേഷം എതിരാളികള്‍ തന്ത്രങ്ങള്‍ പഠിച്ച് വരുമ്പോള്‍ കുല്‍ദീപ് എങ്ങനെ പന്തെറിയുന്നു എന്നതിനനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ വിജയം. രണ്ട് മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് എതിരാളികള്‍ ബൗളറുടെ തന്ത്രങ്ങളെല്ലാം പഠിക്കുമെന്ന് ബോധ്യവും കുല്‍ദീപിനുണ്ട്. ബൗളിംങിലെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് വൈവിധ്യങ്ങള്‍ വരുത്തുക മാത്രമേ ഇതിനൊരു പരിഹാരമുള്ളൂവെന്നാണ് കുല്‍ദീപ് യാദവ് കരുതുന്നത്.