എഫ്സി ഗോവക്ക് 11 കോടി രൂപ പിഴ
|ഐഎസ്എല്‍ അച്ചടക്ക സമിതിയാണ് പിഴ ചുമത്തിയത്. എഫ്സി ഗോവ ഉടമകളായ ദത്തരാജ് സാല്‍ഗോക്കറിനും ശ്രീനിവാസ് ഡെംപോയ്ക്കും വിലക്കും ഏര്‍പ്പെടുത്തി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ്സി ഗോവക്ക് 11 കോടി രൂപ പിഴ. ഐഎസ്എല്‍ അച്ചടക്ക സമിതിയാണ് പിഴ ചുമത്തിയത്. എഫ്സി ഗോവ ഉടമകളായ ദത്തരാജ് സാല്‍ഗോക്കറിനും ശ്രീനിവാസ് ഡെംപോയ്ക്കും വിലക്കും ഏര്‍പ്പെടുത്തി. സാല്‍ഗോക്കറിന് മൂന്നു വര്‍ഷവും ഡെംപോക്ക് രണ്ടു വര്‍ഷവുമാണ് വിലക്ക്.
അച്ചടക്ക നടപടിയുടെ ഭാഗമായി അടുത്ത സീസണില്‍ എഫ്സി ഗോവയുടെ 15 പോയിന്റും കുറക്കും. ഒരു കോടി രൂപ പിഴയായി ചെന്നൈയിന് എഫ്സിക്ക് നല്‍കണം. ഐഎസ്എല്‍ കഴിഞ്ഞ സീസണ് ഫൈനലിലെ മോശം പെരുമാറ്റമാണ് അച്ചടക്ക നടപടിക്ക് കാരണം. ഇന്ത്യന്‍ ഫുട്ബാളിന് നാണക്കേടായ ഐഎസ്എല്‍ രണ്ടാം സീസണ് ഫൈനലിനൊടുവിലെ നാടകീയ സംഭവങ്ങളുടെ പേരിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജസ്റ്റിസ് ഡിഎ മേത്ത അധ്യക്ഷനായ ആറംഗ സമിതിയാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
മഡ്ഗാവില്‍ നടന്ന ഫൈനലില്‍ ചെന്നൈയിനോട് ഗോവ 3-2ന് തോറ്റിരുന്നു. ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകളില്‍ തോല്‍വി വഴങ്ങിയ നിരാശയിലായിരുന്ന ഗോവ ടീം, ചെന്നൈയിന് താരങ്ങളുമായി കലഹിച്ച് സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചതാണ് നടപടിക്ക് വഴിവെച്ചത്. ഗോവ ടീം ഉടമ ദത്തരാജ് സാല്‍ഗോക്കറിനെ ചെന്നൈയിന് മാര്‍ക്വീതാരം എലാനോ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ഇരു ടീമംഗങ്ങളും ഒഫീഷ്യലുകളും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. എലാനോക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ടീം ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിച്ച് കളംവിട്ടു. ഗോവ ടീം ഉടമയുടെ പരാതിയില്‍ എലാനോയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇന്ത്യന്‍ ഫുട്ബാളിനും നാണക്കേടായി.