Sports
തുടങ്ങും മുമ്പേ റഷ്യന്‍ ലോകകപ്പിന്റെ നഷ്ടമായി ഇറ്റലിതുടങ്ങും മുമ്പേ റഷ്യന്‍ ലോകകപ്പിന്റെ നഷ്ടമായി ഇറ്റലി
Sports

തുടങ്ങും മുമ്പേ റഷ്യന്‍ ലോകകപ്പിന്റെ നഷ്ടമായി ഇറ്റലി

Subin
|
10 May 2018 1:46 PM GMT

ചെല്ലിനി, ഡീറോസി, ബഫണ്‍ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ താരങ്ങളെയാകും റഷ്യന്‍ ലോകകപ്പിന് നഷ്ടമാകുക

തീര്‍ത്തും അപ്രതീക്ഷിതമായാണ് നാല് വട്ടം ലോക ചാംപ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യതകാണാതെ പുറത്താകുന്നത്. ചെല്ലിനി, ഡീറോസി, ബഫണ്‍ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ താരങ്ങളെയാകും റഷ്യന്‍ ലോകകപ്പിന് നഷ്ടമാകുക.

എട്ട് അടി ഉയരമുള്ള ഗോള്‍ബാറിന് താഴെ ഗ്ലൗസിട്ട കൈകള്‍ ആകാശത്തേക്കുയര്‍ത്തി അട്ടഹസിക്കാന്‍ ആറടി മൂന്ന് ഇഞ്ചുള്ള ജിയാന്‍ ലൂജി ബഫണുണ്ടാവില്ല. ഇരുമ്പു കാലുകളുള്ള ചെല്ലിനിയും ബര്‍സാഗ്ലിയും ബനൂച്ചിയും ഉറക്കമില്ലാത്ത റഷ്യയുടെ രാവുകളില്‍ വേട്ടക്കിറങ്ങില്ല. മധ്യനിരയില് ഡാനിയല്‍ ഡീറോസിയെന്ന നെയ്ത്തുകാരന്റെ മാജിക്കുകളുണ്ടാവില്ല. മാസങ്ങള്‍ മാത്രമപ്പുറം റഷ്യയില്‍ കാല്‍പ്പന്തുകളിയുടെ തറവാട്ടുത്സവം നടക്കുമ്പോള്‍ തലയെടുപ്പുള്ള കാരണവന്മാരിലൊരാള്‍ പുറത്തായിരിക്കും. നെഞ്ച് തകര്‍ന്നല്ലാതെ ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കാവില്ല.

കാരണം ഓര്‍മ്മകളിലെവിടെയും അസൂറികളില്ലാത്തൊരു ലോകകപ്പുണ്ടായിട്ടില്ല. നാലു വര്‍ഷം കൂടുമ്പോഴൊരിക്കലെങ്കിലും പൗളോ മാല്‍ദീനിയെയും റോബര്‍ട്ടോ ബാജിയോയെയും ദെല്‍പിയറോയെയും സ്വപ്നം കാണുന്നവനാണ് ഫുട്‌ബോള്‍ ആരാധകന്‍. എന്താണീ ഇറ്റലിക്ക് പറ്റിയതെന്ന് ആരാധകര്‍ക്ക് മനസ്സിലാകുന്നില്ല. ഒട്ടും മോശമല്ലാത്തൊരു പുത്തന്‍ നിര അവര്‍ക്കുണ്ടായിരുന്നു. ചെല്ലിനി നേതൃത്വം നല്‍കുന്ന പ്രതിരോധ നിര ലോകത്തെ ഏറ്റവും മികച്ചതെന്ന ഖ്യാതി നേടിയതാണ്. മധ്യനിരയില്‍ ഡാനിയല്‍ ഡീറോസിയെന്ന പ്രതിഭാധനനുണ്ടായിരുന്നു. വെറാറ്റിയും കണ്‍ഡ്രീവയും ഇമ്മൊബീലെയും ലോകഫുട്‌ബോളിലെ ഭാവിവാഗ്ദാനങ്ങളെന്ന് വിലയിരുത്തപ്പെട്ടവരാണ്.

സ്‌പെയിനുള്‍പ്പെട്ട ഗ്രൂപ്പ് ജിയില്‍ പെട്ടുപോയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. പത്ത് കളികളില്‍ നിന്ന് ഒന്പത് പോയന്റുമായി സ്‌പെയിന്‍ ഉഗ്രപ്രതാപികളായപ്പോള്‍ ഇറ്റലി പതറിപ്പോയി. പത്തില്‍ ഏഴ് കളികളില്‍ മാത്രം ജയം. പിന്നെ യോഗ്യതയിലേക്കുള്ള വാതില്‍ പ്ലേ ഓഫ് വഴി നറുക്കെടുത്തപ്പോള്‍ കിട്ടിയ എതിരാളികള്‍ സ്വീഡന്‍. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ടിക്കറ്റ് കിട്ടാത്ത വിഷമത്തില്‍ ഒരുന്‌പെട്ടിറങ്ങിയ സ്വീഡിഷുകാരോട് ആദ്യ പാദത്തില്‍ ഇറ്റലി മുട്ടുകുത്തി. രണ്ടാം പാദം സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍.

ഇറ്റലിയുടെ അതേ ശൈലിയില്‍ പ്രതിരോധ വന്‍മതില്‍ തീര്‍ത്ത് സ്വീഡന്‍ കരുത്ത് കാട്ടിയപ്പോള്‍ ഇറ്റലി വിയര്‍ത്തു. തൊണ്ണൂറ്റിനാല്‍ മിനുട്ടിനപ്പുറം സ്‌റ്റേഡിയം ഞെട്ടിത്തരിച്ചു നിന്നു. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇനിയും ഫുട്‌ബോള്‍ പ്രേമികള്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും. നിരാശയുടെ പടുകുഴിയില്‍ നിന്നും അസൂറികളെ കൈപിടിച്ചുയര്‍ത്താന്‍ ഇനിയൊരു രക്ഷകന്‍ ഉയിരെടുക്കുമോ? കണ്ണീരോടെ കാത്തിരിക്കാന്‍ മാത്രമേ ഫുട്‌ബോള്‍ ലോകത്തിന് കഴിയൂ.

Related Tags :
Similar Posts