Sports
ഫെല്‍പ്‍സിനെ പിന്നിലാക്കിയ ജോസഫ് സ്‍കൂളിങ്ഫെല്‍പ്‍സിനെ പിന്നിലാക്കിയ ജോസഫ് സ്‍കൂളിങ്
Sports

ഫെല്‍പ്‍സിനെ പിന്നിലാക്കിയ ജോസഫ് സ്‍കൂളിങ്

Alwyn K Jose
|
11 May 2018 1:51 AM GMT

ട്രാക്കില്‍ ഇടിമിന്നല്‍ പോലെ കുതിച്ചുപായുന്ന ഉസൈന്‍ ബോള്‍ട്ടിനെ പോലെ നീന്തല്‍ക്കുളത്തിലെ എതിരാളികളില്ലാത്ത സുവര്‍ണതാരം ആയിരുന്നു അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സ്.

ട്രാക്കില്‍ ഇടിമിന്നലായി കുതിച്ചുപായുന്ന ഉസൈന്‍ ബോള്‍ട്ടിനെ പോലെ നീന്തല്‍ക്കുളത്തിലെ എതിരാളികളില്ലാത്ത സുവര്‍ണതാരം ആയിരുന്നു അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സ്. ഒളിമ്പിക്സിലെ നീല നീന്തല്‍ക്കുളത്തിലേക്ക് ചാട്ടുളി പോലെ പുളഞ്ഞിറങ്ങി സ്വര്‍ണവുമായി പൊങ്ങിയിരുന്ന ഫെല്‍പ്സ്. ഓരോ തവണ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുമ്പോഴൊക്കെ സ്വര്‍ണമണിഞ്ഞിരുന്നു ഈ 31 കാരന്‍. റിയോയില്‍ നാലു തവണ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴും ഫെല്‍പ്സിനെ തോല്‍പ്പിക്കാന്‍ ആരുമുണ്ടായില്ല. എന്നാല്‍ ഇന്ന് നടന്ന നൂറു മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയ ജോസഫ് സ്കൂളിങ് എന്ന 21 കാരന്‍ സ്വര്‍ണത്തിലേക്ക് നീന്തിയടുത്തപ്പോള്‍ ഫെല്‍പ്സിന്റെ ആരാധകവൃന്ദം നിശ്ചലരായിനില്‍ക്കുകയായിരുന്നു.

ഒളിമ്പിക്സില്‍ ഫൈനലിലേക്ക് എത്തുന്ന ആദ്യ സിംഗപ്പൂര്‍ നീന്തല്‍താരമെന്ന ചരിത്രം കുറിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ഇരട്ടിമധുരമെന്നോ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന ഇതിഹാസജയമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഫെല്‍പ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്കൂളിങ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഒളിമ്പിക്സില്‍ 23 ാം സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങിയ ഫെല്‍പ്സിനെ വെള്ളിയില്‍ ഒതുക്കിയ സ്കൂളിങിനെ ഇപ്പോള്‍ ലോകം മുഴുവന്‍ വിസ്‍മയത്തോടെ നോല്‍ക്കുകയാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഫെല്‍പ്സിന്റെ കരുത്തും വേഗവും സ്കൂളിങില്‍ തെളിഞ്ഞുവരുന്നത് കാണാം. ഒളിമ്പിക്സിലെ നീന്തല്‍ക്കുളങ്ങളില്‍ സ്കൂളിങ് ഫെല്‍പ്സിന്റെ പിന്‍ഗാമിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

2008 ല്‍ ഫെല്‍പ്സിനെ കാണാനെത്തിയ സ്കൂളിങ്

കഴിഞ്ഞ ഒളിമ്പിക്സോടെ വിരമിച്ച ഫെല്‍പ്സ് തന്റെ മകന് വേണ്ടിയാണ് റിയോയില്‍ തിരിച്ചെത്തിയത്. അടുത്ത ടോക്കിയോ ഒളിമ്പിക്സില്‍ ഫെല്‍പ്സുണ്ടാകില്ല. സ്കൂളിങ് 50.39 സെക്കന്റില്‍ സ്കൂളിങ് സ്വര്‍ണത്തിലേക്ക് തുഴഞ്ഞെത്തിയപ്പോള്‍ തൊട്ടുപിന്നാലെ കുതിച്ചെത്തിയ ഫെല്‍പ്സ് അടക്കം മൂന്നു താരങ്ങള്‍ 51.14 എന്ന സമയം പാലിച്ചു. മൂവരും വെള്ളിയും പങ്കുവെച്ചു. 1972 ല്‍ മാര്‍ക്ക് സ്പ്ലിറ്റ്സിന്റെ ചരിത്രമുഹൂര്‍ത്തങ്ങളോട് കിടപിടിക്കുന്ന വാശിയേറിയ പോരാട്ടത്തിനായിരുന്നു റിയോ സാക്ഷ്യംവഹിച്ചത്. ഏതായാലും ഫെല്‍പ്സിനെ പോലെ വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കൊതിച്ച സ്കൂളിങിന് ഇന്നത്തെ വിജയത്തില്‍പ്പരം വേറൊരു സന്തോഷമുണ്ടാകാനില്ല.

Similar Posts