കൊഹ്‍ലി എല്ലാ മേഖലകള്‍ക്കും അനുയോജ്യനായ നായകനെന്ന് ധോണി
|കായികക്ഷമതയുടെ കാര്യത്തിലായാലും കളി വായിച്ചെടുക്കുന്നതിലായാലും തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന കാര്യത്തിലായാലും
ക്രിക്കറ്റിന്‍റെ സമസ്ത മേഖലകള്‍ക്കും അനുയോജ്യനായ നായകനാണ് വിരാട് കൊഹ്‍ലിയെന്ന് ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. ടെസ്റ്റ്. ഏകദിന. ട്വന്‍റി20 ടീമുകളുടെ മികച്ച നായകനായി മാറാനുള്ള ശേഷി കൊഹ്‍ലിക്കുണ്ട്. കളിയോടുള്ള സമീപനവും കളത്തിലെ പ്രകടനങ്ങളും എത്രമാത്രം മെച്ചപ്പെടുത്തുന്നു എന്നതിലാണ് ഒരു കളിക്കാരന്‍റെ വിജയം. ഇന്ത്യക്കായി കളത്തിലിറങ്ങിയ ആദ്യ മത്സരം മുതല്‍ തന്‍റെ കളി മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്ന താരമാണ് കൊഹ്‍ലി.
ടീമിന്‍റെ ജയത്തിനായി എന്നും സംഭാവന ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ള കളിക്കാരനാണ് അദ്ദേഹം. സംഭാവനയെന്നാല്‍ അത് ചെറുതല്ല, എപ്പോഴും കളിയിലെ കേമനായി മാറാന്‍ ശ്രമിക്കുന്ന അര്‍പ്പണ മനോഭാവമാണ്. കായികക്ഷമതയുടെ കാര്യത്തിലായാലും കളി വായിച്ചെടുക്കുന്നതിലായാലും തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന കാര്യത്തിലായാലും സ്വയം സമര്‍പ്പികുകയും മുന്നോട്ടുള്ള പാത വെട്ടിയെടുക്കുകയും ചെയ്യുന്ന താരമാണ് കൊഹ്‍ലി. ഈയൊരു ഘടകം തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതുമെന്നും ധോണി അഭിപ്രായപ്പെട്ടു.
ഒരു ടീമിനെ ഏതു രീതിയിലാണ് നയിക്കുക എന്നതാണ് പിന്നെയുള്ള കാര്യം. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നയിച്ച പാരമ്പര്യം കൊഹ്‍ലിക്കുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകനായിട്ട് ഒരു വര്‍ഷമായി. വെല്ലുവിളികളെല്ലാം തന്നെ പഠിച്ച് അവയെ അതിജീവിക്കാനുതകുന്ന വിധമാണ് കൊഹ്‍ലി സ്വയം മാറിയിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മികച്ച പ്രകടനമാണ് കൊഹ്‍ലി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ക്രിക്കറ്റിന്‍റെ മൂന്ന് മേഖലകളിലെയും നായകനെന്ന നിലയില്‍ ശോഭനമായ ഒരു ഭാവിയാണ് കൊഹ്‍ലിയെ കാത്തിരിക്കുന്നത് - ധോണി പറഞ്ഞു.