Sports
ഗംഭീര്‍ ടീമിലെത്തിയാല്‍ കൊഹ്‍ലി കളിപ്പിക്കുമോ ?ഗംഭീര്‍ ടീമിലെത്തിയാല്‍ കൊഹ്‍ലി കളിപ്പിക്കുമോ ?
Sports

ഗംഭീര്‍ ടീമിലെത്തിയാല്‍ കൊഹ്‍ലി കളിപ്പിക്കുമോ ?

Alwyn K Jose
|
11 May 2018 5:13 PM GMT

കളിക്കളത്തില്‍ ബാറ്റ് കൊണ്ടും നാവ് കൊണ്ടും ആക്രമണകാരിയാണ് ഡല്‍ഹി താരം ഗൌതം ഗംഭീര്‍.

കളിക്കളത്തില്‍ ബാറ്റ് കൊണ്ടും നാവ് കൊണ്ടും ആക്രമണകാരിയാണ് ഡല്‍ഹി താരം ഗൌതം ഗംഭീര്‍. എതിരാളികളോട് മാത്രമല്ല, ചിലപ്പോഴൊക്കെ സ്വന്തം ടീം അംഗങ്ങളോട് വരെ ഗംഭീര്‍ ചൊടിക്കും, വേണമെങ്കില്‍ വാക് പോരും നടത്തും. ഇങ്ങനെ ഗംഭീറിന്റെ നാവിന്റെ ചൂട് അറിഞ്ഞവരില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലി മുതല്‍ രാഹുല്‍ ദ്രാവിഡ് വരെയുണ്ട്. ഗംഭീര്‍ അത്ര വഴക്കാളിയൊന്നുമല്ലെങ്കിലും ഈ അഗ്രസീവ് സ്വഭാവം തന്നെയാണ് ഡല്‍ഹി താരത്തിന്റെ കരിയറില്‍ വിള്ളല്‍ വീഴ്‍ത്തിയതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏതായാലും ക്രിക്കറ്റ് ലോകത്തെ ഇപ്പോള്‍ ചൂടുള്ള വാര്‍ത്ത ഗംഭീര്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ്. പരിക്കേറ്റ ലോകേഷ് രാഹുലിന് പകരക്കാരനായി ഗംഭീര്‍ ടീമിലേക്ക് എത്തുമെന്നാണ് അഭ്യൂഹങ്ങള്‍. ഗംഭീറിന്റെ ഫിറ്റ്നെസ് ടെസ്റ്റും പൂര്‍ത്തിയായി കഴിഞ്ഞു. പരിശീലകന്‍ അനില്‍ കുംബ്ലെയുടെ ആഗ്രഹവും ഗംഭീറിന്റെ തിരിച്ചുവരവിന് സാധ്യതയൊരുക്കുന്നു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗംഭീര്‍ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ കുപ്പായം അണിയുമെന്നാണ് അണിയറ സംസാരം. ഇതൊക്കെയാണെങ്കിലും ഗംഭീറിന് കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിയുമോ എന്നതാണ് ചോദ്യം. കളിക്കളത്തിലും പുറത്തും മാന്യനാണെങ്കിലും ഗംഭീറിന്റെ വാക്ശരങ്ങളും പരിഹാസവും ആവശ്യത്തിലേറെ ഏറ്റുവാങ്ങിയ കൊഹ്‍ലിയാണ് ടീമിന്റെ നായകന്‍ എന്നുതന്നെ ഈ ചോദ്യത്തിന് അടിസ്ഥാനം. ഗംഭീറും കൊഹ്‍ലിയും ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളത് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ തന്നെയാണ്. ഇത് ഇവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണെന്ന് വിശ്വസിക്കാന്‍ തരമില്ല. കാരണം, സ്വന്തം ടീമിന്റെ വിജയം മാത്രം, അത് ഏതു വിധേനയും സ്വന്തമാക്കുകയെന്ന അതിതീവ്രവമായ ആഗ്രഹവും തന്നെ ആയിരിക്കും കളിക്കളത്തില്‍ ഇരുവരും പലവട്ടം കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടാകുക. ഇങ്ങനെ വിശ്വസിക്കാനാണ് ഏതൊരു ഇന്ത്യന്‍ ആരാധകനും ഇഷ്ടവും.

ബാംഗ്ലൂര്‍ നായകനായി കൊഹ്‍ലിയും കൊല്‍ക്കത്ത നായകനായി ഗംഭീറും നേര്‍ക്കുനേര്‍ എത്തിയപ്പോഴൊക്കെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നു. ഇവരുടെ വാക് പോര് പലപ്പോഴും ക്രിക്കറ്റിന്റെ മാന്യതക്ക് ചേരാത്തതായി വിലയിരുത്തപ്പെട്ടു. 2014 നു ശേഷം ഇരുവരും ഒരു ടീമില്‍ കളിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇത് എങ്ങിനെ ഡ്രസിങ് റൂമില്‍ പ്രതിഫലിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013 ഐപിഎല്ലില്‍ ഇരുവരും തമ്മിലുള്ള പോര് ഉന്തുംതള്ളും വരെ എത്തിയിരുന്നു. 2015 ലെ ഐപിഎല്ലിലും സമാന സംഭവമരങ്ങേറിയപ്പോള്‍ കഴിഞ്ഞ സീസണില്‍ ഗംഭീര്‍ ട്വിറ്റര്‍ യുദ്ധത്തിനാണ് തിരികൊളുത്തിയത്. ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ മികച്ച ഫോം തുടരുന്ന സാഹചര്യത്തിലാണ് ഗംഭീറിനെ തിരിച്ചുവിളിക്കാന്‍ കുംബ്ലെ മുന്‍കൈ എടുക്കുന്നത്. ഗംഭീര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്‍സിയണിഞ്ഞാല്‍ കൊഹ്‍ലിയോട് സൂക്ഷിച്ചുംകണ്ടും നില്‍ക്കേണ്ടി വരുമെന്നാണ് പലരുടേയും ഉപദേശം. മറിച്ചായാല്‍ 2005 ല്‍ പാകിസ്താനെതിരായ മത്സരത്തിനിടെ ജൂനിയറായ എംഎസ് ധോണിയോട് കോപിച്ച ആശിഷ് നെഹ്റക്ക് പില്‍ക്കാലത്തുണ്ടായ അതേ വിധി ഗംഭീറിനുമുണ്ടാകുമെന്നാണ് ഉപദേശികളുടെ പക്ഷം. ഇനിയെന്ത് എന്നുള്ളത് കാത്തിരുന്ന് കാണാം.

Similar Posts