കായിക രംഗത്തെ ഭാവി വാഗ്ദാനങ്ങള്‍ക്ക് കൈത്താങ്ങുമായി സഹകരണ മേഖല
|പത്തനംതിട്ടയിലെ കൊടുമണ്‍ ഫിനാന്‍ഷ്യല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കായിക താരങ്ങള്‍ക്കായി 45 ദിവസത്തെ സൌജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പ്രതിസന്ധിയുടെ കാലത്തും കായിക രംഗത്തെ ഭാവി വാഗ്ദാനങ്ങള്‍ക്ക് കൈത്താങ്ങുമായി സഹകരണ മേഖല. പത്തനംതിട്ടയിലെ കൊടുമണ്‍ ഫിനാന്‍ഷ്യല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കായിക താരങ്ങള്‍ക്കായി 45 ദിവസത്തെ സൌജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആവേശം പകരാന്‍ ധനമന്ത്രി തോമസ് ഐസക് ക്യാമ്പില്‍ എത്തി.
ഫുട്ബോള്‍, വോളിബോള്‍, അത്‍ലറ്റിക്സ് ഇനങ്ങളില്‍ നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 170 ഓളം വിദ്യാര്‍ഥികളാണ് ക്യാമ്പിലെ അംഗങ്ങള്‍. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകൃത പരിശീലകരും വിവിധ സ്കൂളുകളിലെ കായിക അധ്യാപകരുമാണ് പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തൊട്ടടുത്തുള്ള ക്ഷേത്രക്കുളം സജ്ജമാക്കി നീന്തല്‍ പരിശീലനത്തിനും അവസരം ഒരുക്കിയിരുന്നു. ക്യാമ്പ് സന്ദര്‍ശിച്ച ധനമന്ത്രി കുട്ടികളുമായി സംവദിക്കുകയും അവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. പ്രദേശത്തെ നിര്‍ദ്ദിഷ്ട ഇഎംഎസ് സ്റ്റേഡിയം 15 കോടി 10 ലക്ഷം രൂപ ചെലവില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കായിക മേഖലക്കായി പഞ്ചായത്ത് തലത്തിലുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ക്ക് പണം തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.