തന്റെയും ഡിവില്ലിയേഴ്സിന്റെയും പുറത്താകലുകള്‍ നിര്‍ണായകമായതായി കൊഹ്ലി
|ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തതും ഗുണകരമായി. നാലമനായോ മൂന്നാമനായോ ഇറങ്ങുന്ന ബാറ്റ്സ്മാന് ഒരുപക്ഷേ ഇത്രയും റണ്‍സ് അടിച്ചെടുക്കാന്‍.....
താനും എബി ഡിവില്ലിയേഴ്സും തൊട്ടടുത്ത പന്തുകളില്‍ പുറത്തായത് ഹൈദരാബാദിനെതിരായ ഐപിഎല്‍ കലാശപ്പോരില്‍ ബംഗളൂരുവിന് കനത്ത പ്രഹരമായെന്ന് നായകന് വിരാട് കൊഹ്ലി. ഈ സീസണില്‍ ഞങ്ങളുടെ പ്രകടനത്തില്‍ തീര്‍ച്ചയായും അഭിമാനമുണ്ട്. ഇത് ബംഗളൂരു ജനതക്കായി സമര്‍പ്പിക്കുന്നു. മോശം സമയങ്ങളിലും ഞങ്ങള്‍ക്കായി നിലകൊണ്ടവരാണവര്‍. ഞാനും എബിയും അധികം താമസിയാതെ കൂടാരം കയറിയത് വലിയ പ്രഹരമായി. ഡിവില്ലിയേഴ്സിനൊപ്പം ഒന്നോ രണ്ടോ ഓവര്‍ ഞാന്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു.
ഐപിഎല്ലിലെ ഈ സീസണില്‍ നാല് ശതകങ്ങള്‍ കണ്ടെത്തിയതു സംബന്ധിച്ച ചോദ്യത്തിന് താന്‍ തന്നെ തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു കൊഹ്ലിയുടെ പ്രതികരണം. ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തതും ഗുണകരമായി. നാലമനായോ മൂന്നാമനായോ ഇറങ്ങുന്ന ബാറ്റ്സ്മാന് ഒരുപക്ഷേ ഇത്രയും റണ്‍സ് അടിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ എന്നത് അത്ഭുതപ്പെടുത്തിയ മറ്റൊരു ഘടകമാണ്. സീസണില്‍ 973 റണ്‍സ് കണ്ടെത്താനായത് നല്ല കാര്യമാണ്. എന്നാല്‍ അന്തിമവിശകലനത്തില്‍ ജയത്തോടൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ സന്തോഷകരം. മികച്ച ബൌളിങ് നിരയുള്ളതുകൊണ്ടാണ് സണ്‍റൈഴേസ് ജയിച്ചത്. നല്ലപോലെ ബാറ്റ് ചെയ്യുകയായിരുന്നതു കൊണ്ട് ടീമിനായുള്ള സംഭാവന തുടരാം എന്നായിരുന്നു ചിന്ത.