ഗ്രൂപ്പ് ചാമ്പ്യന്‍മാരായി വെയ്‍ല്‍സ് പ്രീക്വാര്‍ട്ടറില്‍
|എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെയ്ല്‍സിന്‍റെ ജയം. തോല്‍വിയോടെ റഷ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
റഷ്യക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ വെയ്ല്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെയ്ല്‍സിന്‍റെ ജയം. തോല്‍വിയോടെ റഷ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു വെയ്ല്‍സ് (3). അതിന്‍റെ ഫലം കണ്ടു പതിനൊന്നാം മിനിറ്റില്‍. അലെന്‍റെ ലോംഗ് പാസില്‍ റാംസിയുടെ ഫിനിഷിംഗ്.
അധികം വൈകിയില്ല വെയ്ല്‍സിന്റെ രണ്ടാം ഗോളിന്. ബെയ്ലിന്‍റെ മികച്ചൊരു പാസില്‍ ലക്ഷ്യം കണ്ടത് ടെയ്‍ലര്‍. ആദ്യ ഷോട്ട് അകിന്‍ഫീവ് തടുത്തെങ്കിലും റീബൌണ്ടില്‍ ടെയ്‍ലറിന് പിഴച്ചില്ല. ടെയ്‍ലറിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍. ഇിതിനിടെ റഷ്യന്‍ താരം സ്യൂബക്ക് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും വെയ്ല്‍സ് ഗോളി ഹെന്നസി അത് നിഷ്‍പ്രഭമാക്കി.
ബെയ്ല്‍ റഷ്യന്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നിരന്തരം ആക്രമണം തുടര്‍ന്നു. ഫലം കണ്ടത് അറുപത്തിയേഴാം മിനിറ്റില്‍. റാംസിയുടെ പാസില്‍ ക്ലോസ് റേഞ്ചില്‍ നിന്നും ബെയ്‌ലിന്റെ ഇടങ്കാലനടി ഗോളിയെയും മറികടന്ന് പോസ്റ്റിലേക്ക്. വെയ്ല്‍സ് ആരാധകര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല ഇത്ര ആധികാരികമായൊരു ജയം. വരാനിരിക്കുന്ന പോരാട്ടങ്ങളില്‍ കരുത്തന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോള്‍മാനും കൂട്ടരും പ്രീക്വാര്‍ട്ടറിലേക്ക്. ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയത് മാത്രം ആശ്വാസമായുള്ള റഷ്യക്ക് തലകുനിച്ച് മടങ്ങാം.