യൂറോപിലെ മികച്ച ഗോള്‍ മെസിയുടേത്
|26 പാസുകള്‍ക്കൊടുവില്‍ ലയണല്‍ മെസി കൊരുത്തുവിട്ട ഈ മാജിക് ഗോളിനെ മറികടക്കാന്‍ പോയ വര്‍ഷം യൂറോപ്പില്‍ മറ്റൊരു ഗോള്‍ പിറന്നിട്ടില്ല.
യൂറോപ്പിലെ മികച്ച താരത്തിനുള്ള അവാര്‍ഡിന് പരിഗണിച്ചില്ലെങ്കിലും ലയണല്‍ മെസിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം മെസിക്കാണ്. ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമക്കെതിരെ മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ ഇയര്‍.
26 പാസുകള്‍ക്കൊടുവില്‍ ലയണല്‍ മെസി കൊരുത്തുവിട്ട ഈ മാജിക് ഗോളിനെ മറികടക്കാന്‍ പോയ വര്‍ഷം യൂറോപ്പില്‍ മറ്റൊരു ഗോള്‍ പിറന്നിട്ടില്ല. വലിയ വെല്ലുവിളികളൊന്നുമില്ലാതെയാണ് ബാഴ്സയുടെ ഈ ടീം ഗോള്‍ യുവേഫ ഗോള്‍ ഓഫ് ദ ഇയറായി തെരഞ്ഞെുക്കപ്പെട്ടത്. 73331 വോട്ടുകളാണ് ഈ ഗോളിന് ലഭിച്ചത്.
ബാഴ്സയുടെ പ്രതിരോധ നിര താരങ്ങളില്‍ നിന്ന് തുടങ്ങി സൂപ്പര്‍ താരങ്ങളായ നെയ്മറിലൂടെയും സുവാരസിലൂടെയും കടന്നാണ് മെസിയിലൂടെ പന്ത് വലയിലെത്തിയത്. പോര്‍ച്ചുഗലിനായി റിക്കാര്ഡിഞ്ഞ്യോ നേടിയ ഫുട്സാല്‍ ഗോളാണ് രണ്ടാം സ്ഥാനത്ത്. യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലണ്ട് താരം ഷെര്‍ദന്‍ ഷാക്കീരി നേടിയ മിന്നും ഗോള്‍ മൂന്നാമതെത്തി.