Sports
ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു, കൂളായി'ക്യാപ്റ്റന്‍' സ്ഥാനമൊഴിഞ്ഞു, കൂളായി
Sports

'ക്യാപ്റ്റന്‍' സ്ഥാനമൊഴിഞ്ഞു, കൂളായി

Subin
|
13 May 2018 3:46 PM GMT

സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിനെ തലയുയര്‍ത്തിപ്പിടിക്കാന്‍ ശീലിപ്പിച്ചെങ്കില്‍ ദാദ നല്‍കിയ ടീമിനെ തോല്‍ക്കാന്‍ മനസില്ലാത്തവിധം ചങ്കുറപ്പുള്ളവരാക്കി മാറ്റിയത് ധോണിയായിരുന്നു...

അപ്രതീക്ഷിതവും ധീരവുമായ തീരുമാനങ്ങളായിരുന്നു മഹേന്ദ്ര സിംങ് ധോണി എന്ന റാഞ്ചിക്കാരനെ ലോക ക്രിക്കറ്റിന്റെ ഉന്നതിയിലേക്കെത്തിച്ചത്. ഇത്തരം തീരുമാനങ്ങളുടെ ഫലമായിട്ടാണ് 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും ധോണിക്ക് കീഴില്‍ ഇന്ത്യയുടെ ഷെല്‍ഫിലെത്തിയത്. അത്തരത്തിലുള്ള ധോണിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കമായി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപനം.

നിര്‍ഭയനായി മധ്യനിരയില്‍ ബാറ്റു വീശാന്‍ ശേഷിയുള്ള ഒരു കീപ്പറെന്ന സ്വപ്‌നമാണ് ധോണിയുടെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ചത്. ദ്രാവിഡ് എന്ന ഇന്ത്യയുടെ പ്രതിരോധ മതിലിന് അധിക ബാധ്യതയായി കീപ്പര്‍ സ്ഥാനം കൂടി നല്‍കി അഞ്ചാം ബൗളറെ കുത്തി തിരുകുന്ന കാലത്തായിരുന്നു ധോണിയുടെ വരവ്. തന്റെ അഞ്ചാം ഏകദിനത്തില്‍ 148 റണ്‍സ് നേടിയ ധോണി ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച സ്‌കോര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലെ സ്ഥാനവുമാണ് കുറിച്ചിട്ടത്. പിന്നീട് ഇന്നുവരെ ധോണിയുടെ ടീമിലെ സ്ഥാനത്തിന് വെല്ലുവിളികളുണ്ടായിട്ടില്ല.

ഏതൊരു താരവും ക്യാപ്റ്റന്റെ തൊപ്പി ഒരു മുള്‍ക്കിരീടമായി ഒഴിഞ്ഞു വെക്കാന്‍ കൊതിച്ചിടത്തേക്കാണ് ബംഗാളില്‍ നിന്ന് ഒരു 'ദാദ'യെ ഇന്ത്യന്‍ നായകനായി ലഭിക്കുന്നത്. നാഥനില്ലാ കളരിയായിരുന്ന ഇന്ത്യന്‍ ടീമിനെ സൗരവ് ഗാംഗുലി തലയുയര്‍ത്തിപ്പിടിക്കാന്‍ ശീലിപ്പിച്ചു. ദാദ കൈമാറിയ ടീമിനെ തോല്‍ക്കാന്‍ മനസില്ലാത്ത ചങ്കുറപ്പുള്ളവരുടെ കൂട്ടമാക്കി മാറ്റിയത് ധോണിയായിരുന്നു. എതിരാളികള്‍ എങ്ങനെ ചിന്തിക്കുമെന്ന് കണക്കുകൂട്ടി അതിനെതിരെ യുദ്ധമുറകള്‍ തയ്യാറാക്കുന്നതായിരുന്നു ധോണിയുടെ രീതി.

ഗാംഗുലി- സച്ചിന്‍- ദ്രാവിഡ് ത്രയങ്ങളുടേയും സേവാഗ്, ലക്ഷ്മണ്‍, കുംബ്ല തുടങ്ങിയ മഹാരഥന്മാരുടേയും വിരമിക്കലുകള്‍ക്കൊടുവിലും ഇന്ത്യന്‍ ടീമിനെ അല്ലലുകളറിയിക്കാതെ മുന്നോട്ടു നയിച്ചതില്‍ ധോണിയെന്ന ക്യാപ്റ്റനുള്ള പങ്ക് ചെറുതല്ല. മെട്രോ നഗരങ്ങളിലെ ചെറുപ്പക്കാരില്‍ നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ് ധോണിയുടെ സംഘത്തെ സമ്പന്നമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ വിപുലീകരിച്ച പതിപ്പാണ് ഇന്ത്യന്‍ ടീമെന്ന ആരോപണം അടക്കം ഉയര്‍ന്നപ്പോഴും ധോണി താന്‍ വിശ്വാസം അര്‍പ്പിച്ചവരെ കൈവിട്ടില്ല.

ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ അമിത സമ്മര്‍ദ്ദം വിക്കറ്റിന് പിന്നിലുള്ള ധോണിയുടെ പ്രകടനത്തെ ഒരിക്കലും ബാധിച്ചില്ല. മിന്നല്‍ സ്റ്റംമ്പിംഗുകളും ചോര്‍ച്ചയില്ലാത്ത ഗ്ലൗസുമായി ധോണി കീപ്പര്‍സ്ഥാനം ഉത്തരവാദിത്വത്തോടെയാണ് നിര്‍വ്വഹിച്ചത്. പേസ്ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ പോലും ബാറ്റ്‌സ്മാന് തൊട്ട് പിന്നില്‍ നിന്നും, ഹിന്ദിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, ബാറ്റ്‌സ്മാന് സൂചനപോലും നല്‍കാത്തവിധം റണ്ണൗട്ടുകള്‍ നടത്തിയും ധോണി പലവട്ടം ക്രിക്കറ്റ് പ്രേമികള വിസ്മയിപ്പിച്ചു.

2015ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ 35കാരനായ ധോണി എല്ലാം കൊണ്ടും അനുയോജ്യമായ സമയത്താണ് ഏകദിന ട്വന്റി 20 ക്യാപ്റ്റന്‍സ്ഥാനവും ഒഴിയുന്നത്. ടെസ്റ്റില്‍ കോഹ്ലിക്കു കീഴില്‍ തുടര്‍ വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. അതുകൊണ്ടു തന്നെ ഉചിതമായ തീരുമാനമെന്ന വിശേഷണമാകും ധോണിയുടെ ഈ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് യോജിക്കുക. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനായി തുടരാന്‍ ധോണി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഒന്നാംതരം ഫിനിഷര്‍, വിശ്വസിക്കാവുന്ന മധ്യനിര ബാറ്റ്‌സ്മാന്‍, പകരം വെക്കാനില്ലാത്ത വിക്കറ്റ് കീപ്പര്‍, സമ്മര്‍ദ്ദത്തിന് അതീതനായ നായകന്‍... ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന ധോണിക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. എങ്കിലും ഉള്ളിലെ സമ്മര്‍ദ്ദം മുഖത്തുകാണിക്കാതെ ജയത്തിലും തോല്‍വിയിലും ഒരേഭാവത്തില്‍ ക്രീസ് വിട്ട ധോണിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റം എളുപ്പമാക്കിയത്. ധോണി പുതിയ തലമുറയിലെ കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറുന്നതും അതേ സൌമ്യതയോടെ തന്നെ.

Similar Posts