നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി മുംബൈ
|ഐപിഎല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം.
ഐപിഎല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. കീറന്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങാണ് മുംബൈ ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ മറി കടന്നു. പൊള്ളാര്‍ഡ് 17 പന്തില്‍ 51 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ 68 റണ്‍സും നേടി. രോഹിതാണ് കളിയിലെ താരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (68) പൊള്ളാര്‍ഡിന്റെയും അപരാജിത അര്‍ധ സെഞ്ച്വറികളാണ് കൊല്‍ക്കത്തയുടെ മോഹങ്ങളെ തല്ലിക്കൊഴിച്ചത്. 20 പന്തില്‍ 32 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും മുംബൈ ഇന്ത്യന്‍സിന്റെ ജയവഴിയില്‍ നിര്‍ണായകമായി. പാര്‍ഥിവ് പട്ടേലും (1) കൃണാല്‍ പാണ്ഡെയും (6) രണ്ടക്കം കാണാതെ പുറത്തായെങ്കിലും പൊള്ളാര്‍ഡ് കൊല്‍ക്കത്ത നായകന് ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. രോഹിത് നിറഞ്ഞു പെയ്ത മഴയായിരുന്നെങ്കില്‍ പൊള്ളാര്‍ഡ് ഇടിയോടുകൂടി ചതച്ചുകുത്തി പെയ്യുകയായിരുന്നു. ജയദേവ് ഉനാദക്തായിരുന്നു പൊള്ളാര്‍ഡിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. മൂന്നോവറില്‍ 49 റണ്‍സാണ് ഉനാദക്ത് വഴങ്ങിയത്.
നേരത്തെ നായകന് ഗൗതം ഗംഭീറിന്റെയും ഉത്തപ്പയുടെയും ബാറ്റിങ് മികവിലായിരുന്നു കൊല്‍ക്കത്ത 174 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ യൂസഫ് പത്താന് നടത്തിയ വെടിക്കെട്ടും കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്താന്‍ സഹായിച്ചു.