യൂറോ സെമിയില്‍ റൊണാള്‍ഡോയും ബെയ്ലും നേര്‍ക്ക്നേര്‍
|റയല്‍ മാഡ്രിഡില്‍ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഗരെത് ബെയ്ലിനെയും ആശ്രയിച്ചിരിക്കും പോര്‍ച്ചുഗലിന്റെയും വെയ്ല്‍സിന്റെയും മുന്നേറ്റം.
യൂറോ കപ്പ് സെമിയില്‍ വെയില്‍സ് പോര്‍ച്ചുഗല്‍ പോരാട്ടത്തിന് കളമൊരുങ്ങിയതോടെ രണ്ട് സൂപ്പര്‍ താരങ്ങളാണ് നേര്‍ക്കുനേര്‍ വരുന്നത്. റയല്‍ മാഡ്രിഡില്‍ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഗരെത് ബെയ്ലിനെയും ആശ്രയിച്ചിരിക്കും പോര്‍ച്ചുഗലിന്റെയും വെയ്ല്‍സിന്റെയും മുന്നേറ്റം. ലോകമെങ്ങുമുള്ള റയല്‍ മാഡ്രിഡ് ഫാന്‍സ് ഇനി രണ്ട് തട്ടിലാകും.
സൂപ്പര്‍ താരങ്ങളും റയലിലെ സഹതാരങ്ങളുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗ്യാരത് ബെയ്ലും മുഖാമുഖം വരുന്നു. സെമിയില്‍ പോര്‍ച്ചുഗല്‍ - വെയ്ല്‍സ് ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങിയതോടെ യൂറോ കപ്പില്‍ അവസാന അങ്കത്തിന് അവശേഷിക്കുക ഒരു സൂപ്പര്‍ താരമായിരിക്കും. മൂന്ന് ഗോളുകള്‍ നേടി ഇതിനകം ടൂര്‍ണമെന്റിലെ ടോപ് സ്കോററായി കഴിഞ്ഞു ബെയ്ല്. രണ്ട് ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. ക്വാര്ട്ടറിലടക്കം നിരാശാജനകമായിരുന്നു റൊണാള്‍ഡോയുടെ പ്രകടനം. ഹംഗറിക്കെതിരെ മാത്രമാണ് താരത്തിന് തിളങ്ങാനായത്. ബെയ്ലിന്റെ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം ഫ്രീകിക്ക് ഗോളുകളാണ്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ 41ആം ഫ്രീകിക്കാണ് ക്രിസ്റ്റ്യാനോ പോളണ്ടിനെതിരെ നഷ്ടപ്പെടുത്തിയത്.
ബെയ്ല് മാത്രമല്ല വെയ്ല്സെന്നും ക്രിസ്റ്റ്യാനോയില്‍ ഒതുങ്ങുന്നതല്ല പോര്ച്ചുഗലെന്നും ക്വാര്‍ട്ടറില്‍ നിന്നും ലോകത്തിന് മനസ്സിലായി കഴിഞ്ഞു. എങ്കിലും നായകന്റെ ആംബാന്ഡണിഞ്ഞെത്തുന്ന ബെയ്ലിനും ക്രിസ്റ്റ്യാനോക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ക്ലബ് ഫുട്ബോളിലെ നേട്ടങ്ങള്‍ക്കപ്പുറം ദേശീയ ജെഴ്സിയില്‍ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഇരുവര്‍ക്കുമിത്.