Sports
പാകിസ്‍താന് തുടര്‍ച്ചയായി നാലാം തോല്‍വിപാകിസ്‍താന് തുടര്‍ച്ചയായി നാലാം തോല്‍വി
Sports

പാകിസ്‍താന് തുടര്‍ച്ചയായി നാലാം തോല്‍വി

Ubaid
|
14 May 2018 5:55 PM GMT

ബെന്‍ സ്റ്റോക്‌സ് (69), ജോണി ബെയിര്‍‌സ്റ്റോ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്‍താന് തോല്‍വി. നാല് വിക്കറ്റിനായിരുന്നു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്‍താന്‍ എട്ട് വിക്കറ്റിന് 247 റണ്‍സ് നേടി. ഇംഗ്ലണ്ട് 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. ക്യാപ്റ്റന്‍ അസ്ഹര്‍ അലി (80), ഇമാദ് വസീം (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്‍താന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 104 പന്തുകള്‍ നേരിട്ട അസ്ഹര്‍ അലി അഞ്ച് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 80 റണ്‍സ് നേടിയത്. 41 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് ഇമാദ് വാസിം 57 റണ്‍സ് നേടിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും ഒരു ഘട്ടത്തില്‍ ഏഴിന് 180 എന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ അവസാന ഓവറുകളില്‍ ഇമാദ് വാസിം നടത്തിയ കൂറ്റന്‍ അടികളാണ് പാകിസ്താന്‍ സ്‌കോര്‍ 247 ല്‍ എത്തിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാരില്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് ജോര്‍ദാനും മോയിന്‍ അലിയും രണ്ട് വിക്കറ്റ് വീതവും ലിയാം പ്ലങ്കറ്റ് ഒരു വിക്കറ്റും നേടി.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും മധ്യനിരയിലൂടെ ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തു. ബെന്‍ സ്റ്റോക്‌സ് (69), ജോണി ബെയിര്‍‌സ്റ്റോ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 72/4 എന്ന നിലയില്‍ നിന്നും തുടങ്ങിയ ഇവര്‍ അഞ്ചാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൊയിന്‍ അലി 45 റണ്‍സോടെ പുറത്താകാതെ നിന്നു. ബെയിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്.

Similar Posts