Sports
താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി: ആശങ്കയുണര്‍ത്തി മഴതാരങ്ങള്‍ സ്റ്റേഡിയത്തിലെത്തി: ആശങ്കയുണര്‍ത്തി മഴ
Sports

താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി: ആശങ്കയുണര്‍ത്തി മഴ

Sithara
|
14 May 2018 11:43 AM GMT

ഇന്ത്യ - ന്യൂസിലാന്‍റ് ടി20 പരമ്പരയിലെ നിര്‍ണായകമായ അവസാന കളി ഇന്ന് തിരുവനന്തപുരത്ത്.

തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ന്യൂസിലാന്റ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിന് മഴ ഭീഷണിയാകുന്നു.മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മഴ ശമിക്കാത്തത് സംഘാടകരെ ആശങ്കയിലാക്കുന്നു.വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം.മഴമൂലം ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നിര്‍ണായകമാകും. ആവേശത്തിന്റെ കൊടുമുടിയിലാണ് കാര്യവട്ടം സ്പ്പോര്ട്ട്സ് ഹബ്ബ് സ്റ്റേഡിയവും പരിസരവും. മഴ ഭീഷണിക്കിടയിലും ടീമുകളെത്തി കഴിഞ്ഞു.

കാല്‍നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. പച്ചപുതച്ച് പുതുമോടിയില്‍ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം. മേമ്പൊടിയായി ഫൈനലിന്റെ പ്രതീതിയും. ആവേശം വാനോളമുയരുന്ന ട്വന്‍റി 20 പൂരത്തിനാണ് തലസ്ഥാന നഗരി വേദിയാകാന്‍ പോകുന്നത്. ആശങ്കയുണര്‍ത്തി തുലാവര്‍ഷ മേഘങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ആരവത്തില്‍ മഴ പിന്തിരിയുമെന്നാണ് പ്രതീക്ഷ. ഒരു കളി തോറ്റ ശേഷം തിരിച്ചുവന്ന് ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ട്വന്‍റി 20യില്‍ അതേ നാണയത്തിലാണ് ന്യൂസിലാന്റ് മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവര്‍ക്കായിരുന്നു ജയം. റണ്‍സൊഴുകുമെന്ന് കരുതുന്ന കാര്യവട്ടത്തെ പിച്ചിലും ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കും.

മഴ പെയ്താല്‍ കുറഞ്ഞ ഓവറെങ്കിലും കളിക്കാന്‍ തന്നെയാണ് പദ്ധതി. അങ്ങനെ വന്നാല്‍ കൂറ്റനടിക്കാരായ കിവികള്‍ക്കാകും സാധ്യത. മുന്‍നിര ബൌളര്‍മാര്‍ പരാജയപ്പെട്ടിടത്ത് വിക്കറ്റ് വീഴ്ത്താനാകുന്ന ഒരു അഞ്ചാം ബൌളറുടെ അഭാവവും ഇന്ത്യക്ക് വെല്ലുവിളിയാണ്. എങ്കിലും ആര്‍ത്തിരമ്പുന്ന കാണികളുടെ ചിറകിലേറി മറ്റൊരു പരമ്പര വിജയം കൂടി നേടാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Similar Posts