വോളിബോള്‍ പാരമ്പര്യം വേണ്ടെന്നുവെച്ച് റാക്കറ്റേന്തിയ സിന്ധു
|ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇനി അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ്. മെഡല്‍സാധ്യതയില്ലെന്ന് കരുതിയിടത്തു നിന്നാണ് സിന്ധുവിന്റെ മുന്നേറ്റം.
ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇനി അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ്. മെഡല്‍സാധ്യതയില്ലെന്ന് കരുതിയിടത്തു നിന്നാണ് സിന്ധുവിന്റെ മുന്നേറ്റം.
പുല്ലേല ഗോപിചന്ദിന്റെ സ്മാഷുകളിലൂടെയും സെര്‍വുകളിലൂടെയുമാണ് സിന്ധു ബാഡ്മിന്റണിനെ സ്നേഹിച്ചുതുടങ്ങുന്നത്. വോളിബോള്‍ താരങ്ങളായിരുന്ന മാതാപിതാക്കളുടെ വഴി തെരഞ്ഞെടുക്കാതെ സിന്ധു എട്ടാം വയസ്സില്‍ റാക്കറ്റെടുത്തു. മെഹബൂബ് അലിക്ക് കീഴില്‍ ബാലപാഠങ്ങള്‍ പഠിച്ച സിന്ധു ഔദ്യോഗിക പരിശീലനം ആരംഭിച്ചത് പുല്ലേല ഗോപിചന്ദിന് കീഴില്‍. ദിവസവും 56 കിലോമീറ്റര്‍ യാത്ര ചെയ്താണ് സിന്ധു ഹൈദരാബാദിലെ പരിശീലനകാമ്പിലെത്തിയിരുന്നത്.
ലോകതാരങ്ങളെ അട്ടിമറിച്ച ചരിത്രമാണ് സിന്ധുവിന്റേത്. ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യത്തെ പലപ്പോഴായി വെല്ലുവിളിച്ച ചരിത്രം. കോര്‍ട്ടിലെ ചൈനയുടെ വന്‍മതില്‍ തകര്‍ത്താണ് സിന്ധു അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങിയത്. യിഹാനും ലീ ഷുറെയിയും വാങ് യിഹാനുമെല്ലാം സിന്ധുവിന് മുന്നില്‍ പതറി. നിലവില്‍ പത്താം സ്ഥാനത്താണ് സിന്ധു. എങ്കിലും ഏത് താരങ്ങളെയും തോല്‍പ്പിക്കാന്‍ പോന്ന ആത്മവിശ്വാസത്തിലും ഫോമിലുമാണ് സിന്ധുവെന്ന് പരിശീലകന്‍ പറയുന്നു.
ഉയരമാണ് സിന്ധുവിന്റെ കരുത്ത്. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ തലകുനിക്കാതെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിക്കുന്ന ഘടകവും ഉയരം തന്നെ. 2016ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് സിന്ധുവിന് റിയോ ബെര്‍ത്ത് സമ്മാനിച്ചത്. ഒരു ജയമകലെ ഇന്ത്യയെ കാത്തിരിക്കുന്ന മെഡല്‍ സിന്ധുവിലൂടെ സാധ്യമാകുമോ എന്നറിയാനാണ് കായികലോകത്തിന്റെ കാത്തിരിപ്പ്. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അട്ടിമറികള്‍ ശീലാക്കിയ സിന്ധു റിയോയിലും പതിവ് തെറ്റിക്കില്ലെന്ന് പ്രതീക്ഷിക്കാം.