പരിശീലകനാകാന്‍ സേവാഗ് സമര്‍പ്പിച്ചത് രണ്ട് വരി അപേക്ഷ; വിശദമായ ബയോഡാറ്റ വേണമെന്ന് ബിസിസിഐ
|കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ മെന്‍ററാണെന്നും ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കുമൊപ്പം നേരത്തെ കളിച്ച് പരിചയമുണ്ടെന്നും മാത്രമാണ് സേവാഗ് അപേക്ഷയില്‍ പറഞ്ഞിരുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് സമര്‍പ്പിച്ചത് രണ്ട് വരിയുള്ള അപേക്ഷയെന്ന് റിപ്പോര്‍ട്ട്. കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ മെന്‍ററാണെന്നും ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കുമൊപ്പം നേരത്തെ കളിച്ച് പരിചയമുണ്ടെന്നും മാത്രമാണ് സേവാഗ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് ബിസിസിഐയുടെ ഇടപെടല്‍ .
സേവാഗ് സ്വതസ്വിദ്ധമായ ശൈലിയില്‍ കേവലം രണ്ട് വരിയുള്ള അപേക്ഷ മാത്രമാണ് അയച്ചത്. അപേക്ഷക്കൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിശദമായ ബയോഡാറ്റ കൂടി അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഇതാദ്യമായണല്ലോ പരിശീലകനാകാനുള്ള അഭിമുഖത്തിന് അദ്ദേഹം ഹാജരാകുന്നത് - ബിസിസിഐയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സേവാഗ്, കുംബ്ലെ എന്നിവരുള്‍പ്പെടെ എട്ടുപേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരംഗങ്ങളായ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. ലണ്ടനില്‍ നിന്നും സ്കൈപ്പ് വഴിയാകും ഇവര്‍ അഭിമുഖം നടത്തുക. കുംബ്ലെയും പൂര്‍ണ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും.