കോടികള്‍ ഒഴുകുന്ന ഇന്ത്യ പാക് ഫൈനല്‍
|ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ പാകിസ്താന് ഫൈനലിന് സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ചാനലുകള്‍ ഈടാക്കുന്നത്...
ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആവേശം കൊടുമുടി കയറാറുണ്ട്. ഇത്തവണയും ആവേശത്തിന് കുറവൊന്നുമില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ലീഗ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ റേറ്റിംങിന്റെ സര്‍വ്വകാല റെക്കോഡുകള്‍ തിരുത്തപ്പെട്ടിരുന്നു. 20 കോടിയിലേറെ പേര് കണ്ട ആ ലീഗ് മത്സരത്തേക്കാളും ഒരു പടി മുന്നിലായിരിക്കും ഫൈനലിലെ കാഴ്ച്ചക്കാരെന്ന് ഉറപ്പ്.
ജൂണ്‍ നാലിന് നടന്ന ഇന്ത്യ പാകിസ്താന് മത്സരം കണ്ടത് 20.10 കോടി പേരാണെന്നാണ് ബാര്‍ക്കിന്റെ(Broadcast Audience Research Council) കണക്കുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന 60 മത്സരങ്ങളും കൂടി കണ്ടവരുടെ എണ്ണം 41.1 കോടി മാത്രമാണെന്നു കൂടി ഓര്‍ക്കണം. ഒന്നര മാസംകൊണ്ട് ഐപിഎല്ലിനുണ്ടായ കാണികളുടെ പകുതി ഒരൊറ്റ ഇന്ത്യ പാക് മത്സരത്തിനുണ്ടായി. ഇതറിയുമ്പോഴാണ് ഇന്ത്യ പാകിസ്താന് മത്സരം ടെലിവിഷന്‍ മേഖലയില്‍ എത്രത്തോളം ഓളം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാവുക. ഏകദിന ക്രിക്കറ്റ് സംപ്രേക്ഷണത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവര്‍ഷിപ്പാണ് ഇന്ത്യ പാക് ലീഗ് മത്സരത്തിന് ലഭിച്ചത്.
ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ പാകിസ്താന് ഫൈനലിന് സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ചാനലുകള്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പേര് കണ്ട ആറ് മത്സരങ്ങളിലൊന്നാകും ചാമ്പ്യന്‍സ് ട്രോഫി ഫൈനലെന്നാണ് പ്രതീക്ഷിക്കുന്നത്. റൂപര്‍ട്ട് മര്‍ഡോകിന്റെ സ്റ്റാര്‍ സ്പോര്‍ട്സ് 30 സെക്കന്റിന്റെ പരസ്യത്തിന് ഒരു കോടി രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് മത്സരങ്ങളില്‍ പരമാവധി 10 ലക്ഷം ലഭിച്ചിരുന്ന 30 സെക്കന്റാണ് ഇപ്പോള്‍ ഒരു കോടിക്ക് വില്‍ക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത് 2015 ലോകകപ്പിലായിരുന്നു. അന്ന് ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മത്സരവും ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരെ ലഭിച്ച ആറ് കായിക മത്സരങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍, 2012ലെ ബോള്‍ട്ടിന്റെ 100 മീറ്റര്‍ കുതിപ്പ് എന്നിവക്കൊപ്പമാണ് കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഇന്ത്യ പാകിസ്താന് മത്സരങ്ങളുമുള്ളത്. കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ലീഗ് മത്സരത്തിന് ലഭിച്ച 20 കോടിയുടെ 30/40 ശതമാനം കൂടുതലാണ് പ്രതീക്ഷിക്കുന്നത്.
വാതുവെപ്പിന് വിലക്കില്ലാത്ത ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 2000 കോടിയുടെ ബെറ്റിംങ് നടക്കുമെന്നും കരുതപ്പെടുന്നു. ആരു ജയിക്കും, ആദ്യ പവര്‍പ്ലേയില്‍(ആദ്യ പത്ത് ഓവര്‍) ഇരു ടീമുകളും എത്ര റണ്‍സ് നേടും, ടോപ് ബാറ്റ്സ്മാന്മാരുടെ വ്യക്തിഗത സ്കോര്‍, ബൗളര്‍മാരുടെ വിക്കറ്റ് എന്നിവയിലാണ് പ്രധാനമായും ബെറ്റ് എന്നാണ് റിപ്പോര്‍ട്ട്. മത്സരത്തില്‍ ഇന്ത്യക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ആര് ജയിക്കുമെന്ന ബെറ്റിന് ഇന്ത്യക്ക് സാധ്യത കൂടുതലായതിനാല്‍ പാകിസ്താന് വേണ്ടി ബെറ്റ് വെക്കുന്നവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. ഇന്ത്യയില്‍ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിലും അനധികൃത സംഘങ്ങള്‍ സജീവമാണ്. ഒരു വര്‍ഷം മാത്രം ഇന്ത്യയുടെ ക്രിക്കറ്റ് കളികളില്‍ നിന്നായി രണ്ട് ലക്ഷം കോടിയുടെ ബെറ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ഏറ്റവും കുറവ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ പാകിസ്താനുമാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. അവിശ്വസനീയമായ രീതിയില്‍ ഫൈനലിലെത്തിയ പാകിസ്താനെതിരെ അവരുടെ മുന്‍ താരങ്ങളില്‍ നിന്ന് പോലും ഒത്തുകളി ആരോപണം പോലും ഉയര്‍ന്നിരുന്നു. ഇന്ത്യയും പാകിസ്താനും ഫൈനലിനിറങ്ങുമ്പോള്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റിന്റെ കച്ചവടമായി കരുതുന്നവരും ആവേശത്തിലാണ്.