റിയോ ഒളിമ്പിക്സ്: സ്വിമ്മിംഗ് പൂളിലെ വെള്ളത്തിന്റെ നിറം പച്ചയായി; കാരണമിതാണ്...
|മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലെ സ്വിമ്മിംഗ് പൂളിലെ വെള്ളത്തിന്റെ നിറം മാറിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഒളിമ്പിക് സംഘാടകര്‍ രംഗത്തെത്തി.
മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലെ സ്വിമ്മിംഗ് പൂളിലെ വെള്ളത്തിന്റെ നിറം മാറിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഒളിമ്പിക് സംഘാടകര്‍ രംഗത്തെത്തി. വെള്ളത്തില്‍ ആല്‍ക്കലിയുടെ അംശം കുറഞ്ഞതാണ് നിറം മാറ്റത്തിന് കാരണമെന്നാണ് സംഘാടകര്‍ പറയുന്നത്. വനിതകളുടെ സിംക്രണൈസ്ഡ് ഡൈവിങ്ങ് ഫൈനലിനിടെയായിരുന്നു സംഭവം. വെള്ളത്തില്‍ ആല്‍ക്കലിയുടെ അംശം കുറഞ്ഞതാണ് നിറം മാറ്റത്തിന് കാരണമെന്ന വിശദീകരണവുമായി ഒളിമ്പിക് സംഘാടകര്‍ രംഗത്തെത്തി.
മത്സരം തുടങ്ങുമ്പോള്‍ വെള്ളം നീല നിറത്തിലായിരുന്നു. പിന്നീട് പതുക്കെ നിറം മാറുകയായിരുന്നു. മത്സരാര്‍ഥികളില്‍ ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും മത്സരത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. അതേസമയം തൊട്ടപ്പുറത്തുള്ള വാട്ടര്‍പോളോ പൂളിലെ വെള്ളത്തിന്റെ നിറം കടുംനീല നിറത്തില്‍ത്തന്നെയായിരുന്നു. ബ്രിട്ടീഷ് താരങ്ങളായ ടോം ഡെയ്‌ലിയും സഹതാരം ഡാനിയേല്‍ ഗുഡ്‌ഫെല്ലോയും നിറംമാറിയ പൂളിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പല തരത്തിലുള്ള വാര്‍ത്തകളും വന്നു. പൂളിലെ വെള്ളം തലേദിവസം രാത്രിയില്‍ ശരിയായി കൈകാര്യം ചെയ്തിട്ടുണ്ടാകില്ലെന്നും വെള്ളത്തിലെ ക്ലോറിന്‍ സാന്നിദ്ധ്യം കുറഞ്ഞ് ആല്‍ഗകള്‍ രൂപം കൊണ്ടതാകാമെന്നായിരുന്നു ചിലരുടെ വാദം. ഒടുവില്‍ വിശദീകരണവുമായി സംഘാടകര്‍ തന്നെ രംഗത്തെത്തി.
ആല്‍ക്കലിയുടെ സാന്നിധ്യം കുറഞ്ഞതുപോയതാണ് നിറം മാറ്റത്തിന് കാരണമെന്നാണ് സംഘാടകരുടെ വിശദീകരണം. വെള്ളം പതിവായി പരിശോധിക്കാറുണ്ടെന്നും താരങ്ങള്‍ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നവും ഉണ്ടാകില്ലെന്നും സംഘാടകര്‍ പറഞ്ഞു. നിറം പഴയ രീതിയിലേക്ക് ഉടന്‍ മാറുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആശങ്ക വേണ്ടെന്നായിരുന്നു മത്സരത്തില്‍ പങ്കെടുത്ത കനേഡിയന്‍ താരങ്ങളും പറഞ്ഞത്. വെള്ളം പരിശോധിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞതായും കനേഡിയന്‍ ടീം പറഞ്ഞു.