ധോണിയെന്ന ബിസിനസ്, നെറ്റ്‌സിലെ കഠിന പരിശീലനത്തിന് പിന്നില്‍
|ശ്രീലങ്കക്കെതിരായ ഏകദിനങ്ങളില്‍ തിളങ്ങാനായില്ലെങ്കില്‍ ധോണിക്ക് ടീമില്‍ നിലനില്‍ക്കാനുള്ള സാധ്യതകള്‍ പരിമിതമായി മാറും.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും മഹേന്ദ്ര സിംങ് ധോണിയിലാണ്. ലങ്കയില്‍ നടക്കുന്ന അഞ്ച് ഏകദിനങ്ങളുടെ ഈ പരമ്പരയാണ് ധോണിയുടെ ഭാവി തീരുമാനിക്കുക. ഇത് വ്യക്തമായി അറിയാവുന്ന എംഎസ് നെറ്റ്‌സില്‍ കഠിനമായി ബാറ്റിംങ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
2019ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കാനുള്ള ശ്രമങ്ങളാണ് സെലക്ടര്‍മാര്‍ നടത്തുന്നത്. പ്രതിഭകളുടെ ധാരാളിത്തമാണ് ഇന്ത്യന്‍ സെലക്ടര്‍മാരെ കുഴയ്ക്കുന്നത്. യുവരാജിനും റെയ്‌നക്കും പോലും ഇടം നേടാനാവാത്ത ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള വിളി കാത്ത് ഒരു പിടി യുവതാരങ്ങളും പുറത്തിരിക്കുന്നുണ്ട്. ധോണി ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് അറുത്തു മുറിച്ച് പറഞ്ഞ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍ തന്നെ ഇതിന്റെ തെളിവാണ്. ധോണിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് പ്രസാദിന്റെ തുറന്നുപറച്ചില്‍.
ഇരുപതോളം ബ്രാന്‍ഡുകളാണ് ധോണിയുമായി കരാറൊപ്പിട്ടിരുന്നത്. കോഹ്ലിയുടെ വരവോടെ ബ്രാന്‍ഡുകളിലും പരസ്യവരുമാനത്തിലും കുറവുണ്ടായെങ്കിലും പരസ്യത്തിലൂടെ മാത്രം 150 കോടി രൂപയിലേറെ ധോണി സമ്പാദിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ടീമില്‍ നിന്ന് പുറത്തായാല്‍ ധോണിയുടെ പരസ്യവരുമാനത്തേയും ഇത് കാര്യമായി ബാധിക്കും. എട്ട് കോടി രൂപയോളമാണ് ഒരു വര്‍ഷത്തേക്ക് ബ്രാന്‍ഡുകളില്‍ നിന്ന് ധോണി ഈടാക്കുന്നത്.
The cut, leave, drive, slog, upper cut, pull - @msdhoni batting session #SLvIND pic.twitter.com/Q8flfP8wv4
— BCCI (@BCCI) August 19, 2017
ശ്രീലങ്കക്കെതിരായ ഏകദിനങ്ങളില്‍ തിളങ്ങാനായില്ലെങ്കില്‍ ധോണിക്ക് ടീമില്‍ നിലനില്‍ക്കാനുള്ള സാധ്യതകള്‍ പരിമിതമായി മാറും. ധാംബുള ഏകദിനത്തിന് മുന്നോടിയായി നെറ്റ്‌സില്‍ ദീര്‍ഘനേരമാണ് ധോണി ബാറ്റിംങ് പരിശീലിച്ചത്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ ധോണിയുടെ ബാറ്റിംങ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.