ഫെഡറര്‍ സിലിച്ച് വിംബിള്‍ഡണ്‍ കലാശപ്പോരാട്ടം ഇന്ന്
|അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാശപ്പോരിലെത്തുന്ന ഫെഡ് എക്സ്പ്രസിന്റെ ലക്ഷ്യം എട്ടാം വിംബിള്‍ഡണാണ്.
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ മാരിന് സിലിച്ച് ഫൈനല്‍ പോരാട്ടം ഇന്ന്. ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ തോല്‍പ്പിച്ചാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം. അമേരിക്കയുടെ സാം ക്വറിയെ കീഴടക്കിയാണ് മാരിന് സിലിച്ച് ഫൈനലിലെത്തിയത്.
നേരിട്ടുളള സെറ്റുകള്‍ക്കാണ് റോജര്‍ ഫെഡററുടെ ജയം. ആദ്യ രണ്ട് സെറ്റും ഫെഡ് എക്സ്പ്രസ് നേടിയത് ടൈബ്രേക്കറിലൂടെ. സ്ക്കോര്‍ 7-6, 7-6 അവസാന സെറ്റില്‍ തോമസ് ബെര്‍ഡിച്ചിനെ പൊരുതാന്‍ അനുവദിക്കാതെ 6-4ന് സ്വന്തമാക്കി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാശപ്പോരിലെത്തുന്ന ഫെഡ് എക്സ്പ്രസിന്റെ ലക്ഷ്യം എട്ടാം വിംബിള്‍ഡണാണ്. ഇത് പതിനൊന്നാം തവണയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്.
24 ആം സീഡ് അമേരിക്കയുടെ സാം ക്വറിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ക്രൊയേഷ്യയുടെ മാരിന് സിലിച്ചിന്റെ ഫൈനല്‍ പ്രവേശം. ആദ്യ സെറ്റില്‍(6-7) മാത്രമാണ് സാം ക്വറിക്ക് മാരിനുമേല് വെല്ലുവിളി ഉയര്‍ത്താനായത്. രണ്ടാം സെറ്റ് 6-4 ന് സ്വന്തമാക്കിയ മാരിന് മൂന്നാം സെറ്റ്(7-6) ടൈബ്രേക്കറിലൂടെ പിടിച്ചു. നാലാം സെറ്റിലും(7-5) സാം ക്വറിയെ മുന്നേറാന്‍ മാരിന് അനുവദിച്ചില്ല.