തുള്ളിവെള്ളം പോലും കിട്ടിയില്ല; താന്‍ റിയോയില്‍ മരിച്ചുവീണേനെയെന്ന് ഒപി ജയ്ഷ
|റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒപി ജയ്ഷ, അധികൃതരുടെ അവഗണന കാരണം മരണത്തിന്റെ വക്കിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്.
റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒപി ജയ്ഷ, അധികൃതരുടെ അവഗണന കാരണം മരണത്തിന്റെ വക്കിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. താന്‍ റിയോയിലെ ട്രാക്കില്‍ മരിച്ചുവീണേനെയെന്ന് മാരത്തണ്‍ താരമായ ജയ്ഷ പറഞ്ഞു. 42 കിലോമീറ്റര്‍ നീളുന്ന മാരത്തണില്‍ നിശ്ചിതകേന്ദ്രങ്ങളില്‍ കാത്തുനില്ക്കുന്ന ഒഫീഷ്യല്‍സ് താരങ്ങള്‍ക്ക് കുടിവെള്ളവും എനര്‍ജി ഡ്രിങ്കുകളും മറ്റും കൈമാറുന്നതാണ് പതിവ്. എന്നാല്‍ തനിക്ക് കുടിവെള്ളമോ എനര്‍ജി ഡ്രിങ്കോ ലഭിച്ചില്ലെന്ന് ജയ്ഷ പറഞ്ഞു.
കത്തി ജ്വലിക്കുന്ന സൂര്യന് കീഴില്‍ രാവിലെ ഒമ്പതു മണിയോടെയാണ് മത്സരം ആരംഭിച്ചത്. കടുത്ത ചൂട് സഹിച്ചായിരുന്നു ഓട്ടം. ഇടക്ക് ഊര്‍ജം വീണ്ടെടുക്കാന്‍ കുടിവെള്ളമോ എനര്‍ജി ഡ്രിങ്കോ തരാന്‍ ആരുമുണ്ടായിരുന്നില്ല. എട്ടു കിലോമീറ്റര്‍ ഓടി പിന്നിട്ട ശേഷമാണ് തനിക്ക് കുറച്ച് വെള്ളം ലഭിച്ചത്. അതും ഒളിമ്പിക്സ് സംഘാടകരാണ് കനിഞ്ഞത്. എന്നാല്‍ അത് മതിയാകുമായിരുന്നില്ല തനിക്ക്. മാരത്തണില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളുടെയും രാജ്യങ്ങളുടെ പ്രതിനിധികള്‍ ഓരോ രണ്ടു കിലോമീറ്റര്‍ കഴിയുന്നിടത്ത് സ്റ്റാളുകള്‍ തുറന്നിരുന്നു. താരങ്ങള്‍ക്കെല്ലാം വെള്ളവും എനര്‍ജി ഡ്രിങ്കുകളും കൊടുത്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്റ്റാള്‍ മാത്രം ശൂന്യമായിരുന്നു. കണ്ണില്‍ ഇരുട്ടു കയറിയിട്ടും എങ്ങനെയോ ഫിനിഷിങ് പോയിന്റിലേക്ക് ഓടിയെത്തിയ താന്‍ 89 ാം സ്ഥാനത്തായിരുന്നു. ഫിനിഷിങ് ലൈന്‍ കടക്കുമ്പോഴേക്കും തന്റെ ബോധം മറഞ്ഞിട്ടുണ്ടായിരുന്നു. താന്‍ ട്രാക്കിലേക്ക് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ടെക്നിക്കല്‍ ഒഫീഷ്യല്‍സാണ് ഓടിയെത്തുന്ന താരങ്ങള്‍ക്ക് വെള്ളവും മറ്റും സ്റ്റാളുകളില്‍ നിന്ന് കൊടുക്കേണ്ടത്. മറ്റൊരു രാജ്യത്തിന്റെ സ്റ്റാളില്‍ നിന്നും താരങ്ങള്‍ക്ക് യാതൊന്നും എടുക്കാന്‍ കഴിയില്ല. ഓടുന്നതിനിടെ ഇന്ത്യയുടെ സ്റ്റാളും താന്‍ കണ്ടു. എന്നാല്‍ അവിടെ ഒന്നുമുണ്ടായിരുന്നില്ല. ഇതുമൂലം താന്‍ നേരിട്ട പ്രയാസം വാക്കുകളില്‍ ഒതുക്കാനാകില്ല. ബോധംകെട്ടുവീണ താന്‍ മരണത്തിന്റെ വക്കില്‍ വരെ എത്തിയ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മത്സരം പൂര്‍ത്തിയാക്കുമ്പോഴേക്കും തന്റെ മരണമടുത്തുവെന്ന് പോലും തോന്നിപ്പോയെന്ന് ജയ്ഷ പറഞ്ഞു. തന്റെ കോച്ച് വളരെയധികം ദേഷ്യത്തിലായിരുന്നു. താന്‍ മരിച്ചുവെന്നായിരുന്നു കോച്ച് കരുതിയത്. അതുകൊണ്ടാണ് അദ്ദേഹം ഡോക്ടറെ തള്ളിമാറ്റി മുറിയിലേക്ക് പ്രവേശിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്ന് കോച്ചിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
മാരത്തണിനിടെ താരങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്റ്റാള്‍ സജ്ജീകരിക്കാന്‍ നിയോഗിച്ചിരുന്ന ഉത്തരവാദിത്തപ്പെട്ടവരോട് തനിക്ക് കുടിവെള്ളം പോലും തരാന്‍ തയാറാകാത്തതിന്റെ കാരണം ആരാഞ്ഞെങ്കിലും ഉത്തരമൊന്നും കിട്ടിയില്ലെന്ന് ജയ്ഷ പറഞ്ഞു. ഇവരൊക്കെ എവിടെയായിരുന്നുവെന്നും എന്താണ് ചെയ്തുകൊണ്ടിരുന്നതെന്നും തനിക്ക് അറിയില്ല. താന്‍ തീര്‍ത്തും അവശനിലയിലാണ് ആശുപത്രിയില്‍ എത്തിയത്. അതിന്റെ പരിഭ്രാന്തിയിലായിരുന്നു തന്റെ കോച്ച്. എന്നാല്‍ ഡോക്ടറോട് മോശമായി പെരുമാറിയെന്ന പേരില്‍ കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. ആ സന്ദര്‍ഭത്തില്‍ ആരും ചെയ്തുപോകുന്നതേ തന്റെ കോച്ചും ചെയ്തുള്ളുവെന്നും ജയ്ഷ പറഞ്ഞു. തന്റെ ദുരനുഭവം കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെ ധരിപ്പിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയ്ക്കാണെന്ന് ആയിരുന്നു മറുപടിയെന്നും ജയ്ഷ പറഞ്ഞു.