ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
|സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിന് വേണ്ടി ധോണി കളിക്കാനിറങ്ങും
മഹേന്ദ്ര സിങ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫി, സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിന് വേണ്ടി ധോണി കളിക്കാനിറങ്ങും. നീണ്ട ഇടവേളക്ക് ശേഷമാണ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിയുന്നത്.
തിരിച്ചു വരാന്‍ താല്പര്യമുണ്ടെന്ന കാര്യം ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ നേരത്തെ ധോണി അറിയിച്ചിരുന്നു. അഭ്യര്‍ഥന സ്വീകരിച്ച അസോസിയേഷന്, വിജയ് ഹസാരെ, മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ധോണിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മുഷ്താഖ് അലി ട്വന്റി 20 അടുത്ത ജനുവരിയിലും വിജയ് ഹസാരെ ട്രോഫിക്ക് ഫെബ്രുവരി 25നുമാണ് തുടക്കമാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ജാര്‍ഖണ്ഡ് ടീമിനു ഏറെ കരുത്തു പകരുമെന്നു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത ഷെഡ്യൂളുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ചതിനാല്‍ ഇത്രയും കാലം ധോണിക്ക് ഇടവേളയാണ്. ഇതാണ് ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും പാഡണിയാന്‍ താരത്തെ പ്രേരിപ്പിച്ചത്. ഐപിഎല്ലിനും അതിനു പിന്നാലെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ലീഗിനുമുള്ള മുന്നൊരുക്കത്തിനും ശാരീരിക ക്ഷമത നിലനിര്‍ത്താനും ആഭ്യന്തര ക്രിക്കറ്റിലേക്ക് ചുവടുമാറ്റം ഏകദിന ക്യാപ്റ്റന്‍ വഴിയൊരുക്കും.