ഓസ്ട്രേലിയന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടര്‍ ഇന്നുമുതല്‍
|ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്ട്ട്സ്മെനെ നേരിടും. വനിതകളില്‍ രണ്ടാം സീഡ് കരോളിന് വോസ്നിയാക്കി മാഗ്ദലീന റൈബറീകോവയെ നേരിടും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്ട്ട്സ്മെനെ നേരിടും. ലോക മൂന്നാം നമ്പര്‍ താരം ഗ്രിഗര്‍ ദിമിത്രോവ് ഓസ്ട്രേലിയയുടെ നിക്ക് കിറിയോസിനെതിരെ ഇറങ്ങും. വനിതകളില്‍ രണ്ടാം സീഡ് കരോളിന് വോസ്നിയാക്കി മാഗ്ദലീന റൈബറീകോവയെ നേരിടും.
പതിനേഴാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് താരതമ്യേന ദുര്‍ബലനായ എതിരാളിയെയാണ് പ്രീ ക്വര്‍ട്ടറില്‍ നേരിടാനുള്ളത്. 24ാം റാങ്കുകാരനായ അര്‍ജന്റീനയുടെ ഡിയേഗോ ഷാര്ട്ട്സ്മെനെ നേരിടുമ്പോള്‍ അനായാസ വിജയമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മൂന്നാം റാങ്കുകാരനായ ഗ്രിഗര്‍ ദിമിത്രോവിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. പതിനേഴാം സീഡുകാരനും നാട്ടുകാരനുമായ നിക്ക് കിറിയോസ് ടൂര്ണ്ണമെന്റീലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വനിതകളില്‍ രണ്ടാം സീഡുകാരി സ്വിറ്റ്സര്‍ലാന്റിന്റെ കരോളിന് വൊസ്നിയാക്കിക്ക് 19ാം സീഡ് മാഗദലീന റൈബറികോവയാണ് എതിരാളി.
മരിയ ഷറപ്പോവ, വീനസ് വില്യംസ് തുടങ്ങിയവര്‍ പുറത്തായ സാഹചര്യത്തില്‍ കിരീട സാധ്യതയുള്ള വോസ്നിയാക്കി അനായാസ ജയമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. നാലാം സീഡ് എലീന സ്വിറ്റലീനക്ക് 130ാം റാങ്കിലുള്ള ഡെനീസ അലെര്റ്റോവയാണ് എതിരാളി. മറ്റൊരു മത്സരത്തില്‍ ടാന്‍സാനിയന്‍ താരം അനറ്റ് കൊന്ട്ടവെറ്റ് സ്പെയിനിന്റെ കാര്‍ലാ നവാറോയെ നേരിടും. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹണ്‍ ബോപ്പണ്ണയും ഇന്നിറങ്ങും. ഹങ്കറിയുടെ തീമിയ ബോബോഷ് ആണ് ബൊപ്പണ്ണയുടെ പങ്കാളി. ഓസ്ട്രേലിയുടെ ആന്‍ഡ്രു വിറ്റിങ്ടണ്‍ - എലെന് പെരെസ് സഖ്യമാണ് എതിരാളി.