ഒരു മാറ്റവുമില്ലാതെ ദിന്‍ഡ, ലാസ്റ്റ് ഓവറില്‍ തല്ല് മേടിക്കുന്ന ശീലക്കാരന്‍!
|പൂനെ സൂപ്പര്‍ ജിയന്‍റ്സിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞ ദിന്‍ഡ വഴങ്ങിയത് 30 റണ്‍സ്!
ശരാശരി റണ്‍സിലൊതുങ്ങുമായിരുന്ന മുംബൈ ഇന്ത്യന്‍സിനെ ഇന്നലെ കരകയറ്റിയത് അശോക് ദിന്‍ഡയുടെ ഒരൊറ്റ ഓവര്‍. റൈസിങ് പൂനെ സൂപ്പര്‍ ജിയന്‍റ്സിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞ ദിന്‍ഡ വഴങ്ങിയത് 30 റണ്‍സ്!. ദിന്‍ഡ അവസാന ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ മുംബൈയുടെ സ്കോര്‍ 154 റണ്‍സായിരുന്നു. കളി കഴിഞ്ഞപ്പോള്‍ 184ഉം. ഹര്‍ദ്ദിക്ക് പാണ്ഡ്യയാണ് ദിന്‍ഡയെ തലങ്ങും വിലങ്ങും ശിക്ഷിച്ചത്. നാല് സിക്സറുകളും ഒരും ഫോറും ആ ഓവറില്‍ പാഞ്ഞു. ഇതില്‍ ആദ്യ മൂന്ന് സിക്സറുകളും തുടരെയായിരുന്നു. നാലാം പന്തില്‍ ഫോര്‍. അഞ്ചാം പന്തില്‍ വീണ്ടും സിക്സര്‍. അവസാന പന്തില്‍ പാണ്ഡ്യ റണ്‍ ഔട്ടിലൂടെ പുറത്തായെങ്കിലും വൈഡ് ആയിരുന്നു.
ഇതുവരെയുള്ള ഐ.പി.എല്ലില്‍ അവസാന ഓവര്‍ എറിയുന്ന ഒരു ബൗളര്‍ വഴങ്ങുന്ന കൂടുതല്‍ റണ്‍സെന്ന മോശം റെക്കോര്‍ഡും ദിന്‍ഡക്ക് ലഭിച്ചു. കൗതുകകരമായ മറ്റൊരു വസ്തുത, ദിന്‍ഡ ആദ്യമായല്ല അവസാന ഓവര്‍ എറിഞ്ഞ് തല്ലുവാങ്ങുന്നത്. 2009 മുതലുള്ള ഐ.പി.എല്‍ കണക്കെടുത്താല്‍ മൂന്ന് തവണയും (2017 ഉള്‍പ്പടെ) 25 റണ്‍സിന് മുകളില്‍ ദിന്‍ഡ വഴങ്ങിയിട്ടുണ്ട്. 2017ലാണ് റെക്കോര്‍ഡ്, 30 റണ്‍സ്! ഇന്ത്യക്കായി 13 ഏകദിനങ്ങളും 9 ടി20കളും കളിച്ചിട്ടുണ്ട് 33കാരനായ ദിന്‍ഡ.
2011ല്‍ പൂനെ വാരിയേഴ്സിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞ ദിന്‍ഡ 26 റണ്‍സാണ് അന്ന് വിട്ടുകൊടുത്തത്. ഡല്‍ഹിയായിരുന്നു എതിരാളി. 2013ല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലരുമായുള്ള പൂനെയുടെ മത്സരത്തിലും ദിന്‍ഡ അവസാന ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്തു. അന്ന് ഡിവില്ലിയേഴ്സായിരുന്നു ദിന്‍ഡയെ പഞ്ഞിക്കിട്ടത്. ഡേവിഡ് ഹസി(2013) 27 റണ്‍സ്, രാഹുല്‍ ശുക്ള(2014) 27 റണ്‍സ്, മഷ്റഫെ മുര്‍താസ(2009) 26 റണ്‍സ് എന്നിവരും അവസാന ഓവറില്‍ തല്ല് വാങ്ങിക്കൂട്ടിയവരാണ്.