ബാഴ്‍സ സ്‍പാനിഷ് രാജാക്കന്‍മാര്‍
|സ്പാനിഷ് ലീഗില്‍ സുവാരസിന്റെ ഹാട്രിക് മികവില്‍ ഗ്രാനഡയെ കീഴടക്കിയ ബാഴ്സലോണ ചാമ്പ്യന്‍മാര്‍.
സ്പാനിഷ് ലീഗില്‍ സുവാരസിന്റെ ഹാട്രിക് മികവില്‍ ഗ്രാനഡയെ കീഴടക്കിയ ബാഴ്സലോണ ചാമ്പ്യന്‍മാര്‍. ദുര്‍ബലരായ ഗ്രാനഡയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‍സ കെട്ടുകെട്ടിച്ചത്. ലാ ലിഗയില്‍ 24 ാം കിരീടത്തില്‍ ബാഴ്‍സ മുത്തമിട്ടു. രണ്ട് വര്‍ഷം മുന്‍പ് ഗ്രാനഡയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ ഓര്‍മ്മകള്‍ മെസിക്കും കൂട്ടര്‍ക്കും ഇനി മറക്കാം. സുവാരസിന്റെ ഇരട്ട ഗോളാണ് ബാഴ്‍സയുടെ കിരീടത്തിലെ പൊന്‍തൂവല്‍. 22, 38, 86 മിനിറ്റുകളിലായിരുന്നു സുവാരസ് ഗ്രാനഡയുടെ വലയില്‍ വെടിപൊട്ടിച്ചത്. 22 ാം മിനിറ്റില്‍ നെയ്മര്‍, ആല്‍വസ്, സുവാരസ് ത്രയത്തിന്റെ മുന്നേറ്റം ഡ്രാനഡയുടെ ആറു വാര അകലെ എത്തിയപ്പോള്‍ തൊടുത്ത ഷോട്ട് വലയില്‍ വിശ്രമിച്ചു. ആദ്യ ഗോള്‍ അവിടെ പിറന്നു. 38 ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. കോര്‍ണറിലേക്ക് പറന്ന പന്ത് ഡാനി ആല്‍വസ് ഗ്രാനഡയുടെ പോസ്റ്റിലേക്ക് മറിച്ചു. കാത്തു നിന്നു സുവാരസ് കൃത്യമായി പന്തിന് തലവെച്ചതോടെ രണ്ടാം ഗോള്‍. പിന്നീടങ്ങോട്ട് രണ്ടാം പകുതിയില്‍ കളി പരുക്കനായി. ഒന്നിലേറെ തവണ റഫറിക്ക് ഇടപെടേണ്ടി വന്നു. മഞ്ഞ കാര്‍ഡുകള്‍ പല തവണ ഉയര്‍ന്നു. ഒടുവില്‍ 86 ാം മിനിറ്റില്‍ സുവാരസിന്റെ ഹാട്രിക് പിറന്നു. ഇതോടെ ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി സുവാരസ് സ്‍പാനിഷ് കാളക്കൂറ്റനായി. സീസണില്‍ 40 ഗോളുകളാണ് സുവാരസിന്റെ ബൂട്ടില്‍ നിന്നു പിറന്നത്.
നിര്‍ണായകമെങ്കിലും ബാഴ്‍സയുടെ ജയത്തോടെ അപ്രസക്തമായി പോയ വിജയമായിരുന്നു മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റേത്. ഡിപോര്‍ട്ടിവോയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് റയല്‍ കീഴടക്കിയത്. ബാഴ്‍സ തോല്‍ക്കുകയും റയല്‍ ജയിക്കുകയും മാത്രം ചെയ്താല്‍ റൊണാള്‍ഡോയുടെ ടീമിന് സാധ്യത നിലനിന്ന മത്സരത്തില്‍ ബാഴ്‍സ കിരീടം ചൂടിയപ്പോള്‍ റയല്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.