Sports
Sports

ഗോലീയാത്തിനെ തകര്‍ത്ത ദാവീദിന്റെ കഥ

admin
|
21 May 2018 4:13 PM GMT

ക്ലേയുടെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന....

അമേരിക്കയിലെ കെന്റുക്കിയിലുള്ള ലുയിസ്‌വില്ലിയില്‍ ക്രൈസ്തവ ഓര്‍ത്തഡോക്‌സ് കുടുബത്തില്‍ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍ എന്നാ ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോര്‍ഡ് എഴുത്തായിരുന്നു അദ്ധേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്.

ക്ലേയുടെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. 'വെള്ളക്കാര്‍ക്ക് മാത്രം' എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസില്ലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു ക്ലേ കറുത്ത് നേടിയത് ഈ ജീവിത അനുഭവങ്ങളില്‍ നിന്നാണ്. ഇസ്‌ലാമിന്റെ വര്‍ണ്ണവിവേചനത്തിനെതിരായ മാനവിക മൂല്യങ്ങളില്‍ ആകൃഷ്ടനായി 1975- ല്‍ ഇസ്‌ലാമാശ്ലേഷിച്ചു.

1930-ല്‍ രൂപം കൊണ്ട, കറുത്ത വര്‍ഗക്കാരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ നാഷണല്‍ ഓഫ് ഇസ്‌ലാമില്‍ അംഗമായിരുന്നു. എലീജ അലി ഇസ്സത്ത്, മാല്‍കം എക്‌സ്, ലൂയിസ് ഫര്‍റാഖാന്, വാരിസുദ്ദീന്‍ മുഹമ്മദ് എന്നിവരോടൊപ്പം ചേര്‍ന്ന് ഇസ്‌ലാമിക പ്രബോധക രംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്തും മുഹമ്മദലി ക്ലേ സജീവമായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഏറെ വിവാദമായ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറുകയും വെള്ളക്കാര്‍ക്ക് മാത്രമെന്ന് പറഞ്ഞ് റെസ്‌റ്റോറന്റില്‍നിന്നും സേവനം അനുവദിക്കാതിരുന്നതിരുന്നപ്പോള്‍ തനിക്ക് ലഭിച്ച ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

1954 ഒക്ടോബര്‍ മാസം. 12 വയസുള്ള ക്ലേ തന്റെ സൈകിളില്‍ സുഹൃത്തും ഒന്നിച്ച് കൊളംബിയ ഓടിറ്റൊരിയത്തില്‍ നടക്കുന്ന ലുയിസ് വില്ലി ഹോം ഷോ എന്നാ പ്രദര്‍ശനം കാണാന്‍ പുറപ്പെട്ടു. പ്രദര്‍ശന ഹാളില്‍ കറങ്ങി നടന്നു പുറത്തെത്തിയപ്പോള്‍ ക്ലേയുടെ സൈക്കിള്‍ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാര്‍ട്ടിന്‍ അവിടെ അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്‌സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുത്തതനുസരിച്ച് ക്ലേ പരാതിയുമായി മാര്‍ട്ടിനെ സമീപിച്ചു. ക്ലേയുടെ കാണാതെ പോയ സൈക്കിള്‍ മാര്ട്ടിന് ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മറ്റൊന്ന് സംഭവിച്ചു, ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിംഗ് പരിശീലിക്കാന്‍ മാര്‍ട്ടിന്‍ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്‌സിങ്ങില്‍ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ച്‌ ആറാഴ്ച പിന്നിട്ടപ്പോള്‍ ക്ലേ ബോക്‌സിംഗ് റിങ്ങില്‍ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവന്‍ സമയവും ഊര്‍ജവും ക്ലേ ബോക്‌സിങ്ങിനായി മാറ്റിവച്ചു.

18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. കെന്റുക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956-ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കി ആയിരുന്നു ഫൈനലില്‍ എതിരാളി. എങ്കിലും മൂന്നാമത്തെ റൗണ്ടില്‍ തന്നെ ക്ലേ വിജയിച്ചു.

2012-ലെ ലിബര്‍ട്ടി മെഡലിന് മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ മുഹമ്മദലി ക്ലേയെ തെരെഞ്ഞെടുത്തു. സ്വാതന്ത്ര്യം, ആത്മനിയന്ത്രണം, സമത്വം തുടങ്ങിയ അമേരിക്കന്‍ ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ പ്രായോഗിക വല്‍കരിച്ച് ഉന്നത മാതൃക കാണിച്ച വ്യക്തിയാണ് മുഹമ്മദലി എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും നാഷണല്‍ കോണ്‍സ്റ്റിറ്റൂഷന്‍ സെന്റര്‍ ചെയര്‍മാനുമായ ബില്‍ ക്ലിന്റണ്‍ വ്യക്തമാക്കി. മുഹമ്മദലിയുടെ ജീവിതത്തില്‍ നീണ്ടു നിന്ന ധീരതയും സമര്‍പ്പണവുമാണ് അദ്ദേഹത്തെ ഇതിന് തെരെഞ്ഞെടുത്തിന് പിന്നിലെ പ്രധാന പ്രേരകമെന്ന് ലിബര്‍ട്ടി മെഡല്‍ പ്രായോജകര്‍ വ്യക്തമാക്കി.

1964 ഫെബ്രുവരി 25നായിരുന്നു ലിസ്റ്റന്റെ അഹന്തയുടെ ബെല്‍റ്റ് ക്ലേ അഴിച്ചുവയ്പ്പിച്ചത്.
ചെക്കന്‍ മരണത്തിന്റെ കരാര്‍ ഒപ്പിട്ടു ‘, ലിസ്റ്റണുമായി ക്ലേ ഇടികൂടാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകേട്ട അമേരിക്കയിലെ കറുത്തവനും വെളുത്തവനും ഒരുപോലെ അടക്കംചൊല്ലി. ചില്ലറ കക്ഷിയല്ല ലിസ്റ്റണ്‍. ലോകത്ത് അന്നുള്ളതില്‍ ഏറ്റവും പ്രതാപിയും പ്രബലനുമായ ബോക്‌സര്‍. അയാളുടെ പഞ്ചുകള്‍ക്ക് പാറയെപ്പോലും പിളര്‍ത്താനുള്ള കരുത്തുണ്ടെന്ന് ആരാധകര്‍ പുകഴ്ത്തി. ബിഗ് ബെയര്‍ (തടിയന്‍ കരടി) എന്നൊരു വിളിപ്പേരും ലിസ്റ്റണിന് അവര്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷേ, തീയില്‍കുരുത്ത ഇരുപത്തിരണ്ടുകാരന്‍ കുലുങ്ങിയില്ല. ലിസ്റ്റണ്‍ മണല്‍ച്ചാക്കുകളോടു മല്ലിട്ട് കൈക്കരുത്തേറ്റുമ്പോള്‍ ക്ലേ മനശാസ്ത്രപരമായ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നു. ചാകാന്‍ പോകുന്നത് താനല്ല ലിസ്റ്റനാണെന്ന് അവന്‍ തുറന്നടിച്ചു. അയാളുടെ തോലെടുത്ത് വീട്ടിലെ ചവിട്ടുമെത്തയാക്കുമെന്ന് നെഞ്ചുറപ്പോടെ വെല്ലുവിളിച്ചു. ഒരു പുലരിയില്‍ ഇതുപറയാന്‍ ലിസ്റ്റണിന്റെ വീട്ടുപടിക്കല്‍വരെ ചെല്ലാനും അതിസാഹസികന്‍ മടികാട്ടിയില്ല. ശരിക്കുള്ള യുദ്ധത്തിന്റെ ദിവസം ക്ലേ എതിരാളിയുടെ ചെല്ലപ്പേരങ്ങ് മാറ്റിക്കളഞ്ഞു, വൃത്തികെട്ട തടിയന്‍ കരടി എന്നായി പിന്നത്തെ വിളി. എട്ടു റൗണ്ടില്‍ ലിസ്റ്റണിന്റെ കാര്യം തീര്‍പ്പാക്കുമെന്നും മത്സരത്തിന് മുന്‍പ് ക്ലേ ഉറപ്പിച്ചുപറഞ്ഞു.
ഒടുവില്‍ തണുപ്പുംചൂടും ഇഴചേര്‍ന്ന രാവില്‍ മിയാമിലെ റിങ്ങില്‍ ആദ്യ മണി മുഴങ്ങി. ക്ലേയുടെ നിര്‍ദയവാക്യങ്ങള്‍ ലിസ്റ്റണിന്റെ മനസിന്റെ ആഴങ്ങളില്‍ ചെന്നുതറച്ചിരുന്നു. പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ അതു തെളിഞ്ഞു. ക്ലേയിലും ഭയത്തിന്റെ കണികകള്‍ ദര്‍ശിക്കാന്‍ സാധിച്ചു.’ഞാന്‍ കള്ളം പറയില്ല. അയാളുടെ ഇടിയുടെ കനത്തെപ്പറ്റി ചിന്തിച്ച നിമിഷം പേടിച്ചു. പക്ഷേ, പോയി നേരിടുകയേ വഴിയുണ്ടായിരുന്നുള്ളു’- അതേപ്പറ്റി മുഹമ്മദ് അലി പിന്നീട് ഇങ്ങനെ പറയുകയുണ്ടായി.
തനിക്ക് 32 വയസെന്നാണ് ലിസ്റ്റണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അയാള്‍ക്ക് നാല്‍പ്പതിന് മുകളില്‍ പ്രായമുണ്ടെന്ന് കാഷ്യസ് ക്ലേയ്ക്ക് അറിയാമായിരുന്നു. ആ തിരിച്ചറിവ് മാലോകര്‍ അന്യഗ്രഹജീവിയെപ്പോലെ നോക്കിക്കാണുന്ന ലിസ്റ്റണിനെ ദുര്‍ബലനായി കാണക്കാക്കാന്‍ കുട്ടിക്ലേയെ പ്രേരിപ്പിച്ചു. അങ്ങനെ വിജയത്തിന്റെ രേഖാചിത്രം ആ തലച്ചോറില്‍ രൂപംകൊണ്ടു.
പ്രതീക്ഷിച്ചതുപോലെ ഒന്നാം റൗണ്ടില്‍ അതിശക്തമായ പഞ്ചുകളാണ് ലിസ്റ്റണ്‍ ഉതിര്‍ത്തത്. നര്‍ത്തകന്റെ മെയ്‌വഴക്കത്തോടെ ഇടത്തും വലത്തും മാറിയും പിന്നെ ബ്ലോക്ക് ചെയ്തുമൊക്കെ ക്ലേ അവയൊക്കെ നിഷ്ഫലമാക്കി. ലിസ്റ്റണിന്റെ പല ഇടികളും ശൂന്യതയില്‍ വിലയംപ്രാപിച്ചു. ചടുലവും പ്രകാശവേഗ സമാനവുമായ ബോക്‌സിങ് ടെക്‌നിക്കുകളുടെ പ്രയോക്താവും അപരാജതിനുമായ പ്രതിയോഗിയെ വരച്ചവരയില്‍ നിര്‍ത്തുകയായിരുന്നു ക്ലേ അപ്പോള്‍. പരിഭ്രാന്തനായ ലിസ്റ്റണ്‍ രണ്ടാം റൗണ്ടില്‍ ഇടന്‍കൈയന്‍ ഇടികളിലൂടെ ശത്രുവിനെ റിങ്ങിന്റെ മൂലയ്ക്ക് ഒതുക്കി. എന്നാല്‍ കാണികളും ലിസ്റ്റണും അറിഞ്ഞില്ല മുഖാമുഖം നില്‍ക്കുന്നത് പോത്തിന്റെ താടിയെല്ലുള്ള പോരാളിയാണെന്ന്. മൂന്നാം റൗണ്ടില്‍ ക്ലേ നിയന്ത്രണം ഏറ്റെടുത്തു. കരിയറില്‍ ആദ്യമായി ലിസ്റ്റണിന്റെ കണ്ണില്‍ ചോരപുരണ്ടു. അനിഷേധ്യ ചാമ്പ്യന്‍ ശ്വാസംകിട്ടാതെ കിതച്ചു…
നാലാം റൗണ്ടിനിടെ ക്ലേ തന്റെ കണ്ണു നീറുന്നതായി പരാതിപ്പെട്ടത് നാടകീയതയുടെ തീവ്രതയേറ്റി. ഗ്ലൗസുകള്‍ ഊരി നല്‍കാന്‍ ക്ലേ കെഞ്ചി. ട്രെയിനര്‍ എയ്ഞ്ചലോ ഡുന്‍ഡി ശിഷ്യനോട് റിങ്ങില്‍ നിന്നിറങ്ങി ഓടാന്‍ നിര്‍ദേശിച്ചു. ക്ലേ ആ നിര്‍ദേശം അനുസരിച്ചു. അഞ്ചാം റൗണ്ട് തുടങ്ങുന്നതിന് താമസംവരുത്തിയ ക്ലേയെ റഫറി അയോഗ്യനാക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. ലിസ്റ്റണിന്റെ മുറിവില്‍പുരട്ടിയ രാസപദാര്‍ത്ഥമാണ് പ്രശ്‌നകാരണമെന്ന് ഡുന്‍ഡി പിന്നാലെ ആരോപിക്കുകയുംചെയ്തു.
കണ്ണിലെവെട്ടം വീണ്ടെടുത്ത ക്ലേ തിരിച്ചുവന്നത് കൂടുതല്‍ കരുത്തോടെ, എണ്ണംപറഞ്ഞ മിന്നല്‍ പഞ്ചുകള്‍. അവയെല്ലാം ലിസ്റ്റണിന് ഗജവീരന്റെ പ്രഹരസമാനമായി തോന്നി. ആറാം റൗണ്ടിന്റെ അന്ത്യഘട്ടങ്ങളില്‍ ലിസ്റ്റണ്‍ പേടിച്ചരണ്ടു… റിങ്ങിന്റെ മൂലയിലെ സ്റ്റൂളില്‍ ആകെ തളര്‍ന്ന് വിയര്‍പ്പില്‍ കുളിച്ചിരുന്നു. അടുത്ത ബെല്ലടിക്കുമ്പോള്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും ത്രാണിയുണ്ടായിരുന്നില്ല ബിഗ് ബെയറിന്. തോളിലെ പരിക്കുമൂലം ലിസ്റ്റണ്‍ പിന്മാറിയെന്ന പ്രചരണമുണ്ടായി. പക്ഷേ, എല്ലാവര്‍ക്കുമറിമായിരുന്നു തകര്‍ന്ന മനസാണ് അയാളെ പിന്തിരിപ്പിച്ചതെന്ന്. പിന്നെ കേട്ടത് ക്ലേയുടെ അലര്‍ച്ച.’ ഞാന്‍ ഈ ലോകത്തെ പിടിച്ചുകുലുക്കി. ഞാന്‍ എക്കാലത്തേയും മഹാന്‍’, ആ ശബ്ദം കണ്‍വന്‍ഷന്‍ ഹാളിനെ വിറകൊള്ളിച്ചു. ലോകകായിക ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ മഹനീയതയിലേക്കുള്ള സഞ്ചാരത്തിന് ക്ലേ അവിടെ ഹരിശ്രീ കുറിച്ചു. വലിയ വിജയത്തിന്റെ പിറ്റേനാള്‍ കാഷ്യസ് എക്‌സ് എന്നു ക്ലേ പേരുമാറ്റി. ഒരാഴ്ച്ചയ്ക്കുശേഷം, അടിമത്വത്തിന്റെ ആ നാമം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച പുതുചാമ്പ്യന്‍ മുഹമ്മദ് അലിയെന്ന പേര് സ്വീകരിച്ചു. പതിനഞ്ചുമാസങ്ങള്‍ക്കുശേഷം ലിസ്റ്റണ്‍ – ക്ലേ റീമാച്ച് നടന്നു. ക്ലേയുടെ ഫാന്റം പഞ്ച് എന്നപേരില്‍ വിഖ്യാതമായ ഇടി ആദ്യ റൗണ്ടില്‍ ലിസ്റ്റണിനെ മറിച്ചിട്ടു.

Similar Posts