കൊഹ്‌ലിയുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ഗംഭീര്‍
|വിരാടും താനും വ്യത്യസ്ത ടീമുകളിലായി ഇനിയും കളിക്കേണ്ടി വരുന്ന അവസ്ഥയില്‍ ആക്രമണോത്സുക സമീപനം കാണിക്കേണ്ട അവസരങ്ങളില്‍ അതിന് മടിക്കില്ലെന്നും.....
ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലിയും താനും തമ്മില്‍ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ഗൌതം ഗംഭീര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കൊഹ്‍ലിയുമായി കൊമ്പു കോര്‍ത്തതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും വിരാടും താനും വ്യത്യസ്ത ടീമുകളിലായി ഇനിയും കളിക്കേണ്ടി വരുന്ന അവസ്ഥയില്‍ ആക്രമണോത്സുക സമീപനം കാണിക്കേണ്ട അവസരങ്ങളില്‍ അതിന് മടിക്കില്ലെന്നും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗംഭീര്‍ വ്യക്തമാക്കി.
കളിയെ തീഷ്ണമായി പ്രണയിക്കുന്ന കളിക്കാരാണ് താനും കൊഹ്‌ലിയെന്നും ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ ആ പ്രണയത്തിന്‍റെ ഭാഗമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടീമിലാണെങ്കില്‍ തങ്ങളെ നയിക്കുന്നത് സമാന ലക്ഷ്യങ്ങളായിരിക്കുമെന്നും ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഗംഭീര്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അര്‍ധശതകത്തോടെ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. കൊഹ്‍ലിയുടെ നായക ശൈലിയെ തുറന്ന് അഭിനന്ദിക്കാനും ഗംഭീര്‍ തയ്യാറായി. ടീമിനൊന്നാകെ സ്വയം മാതൃക തീര്‍ക്കുന്ന നായകനാണ് കൊഹ്‍ലിയെന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.