ധോണിയേയും കോഹ്‌ലിയേയും ലക്ഷ്യമിട്ട് കുല്‍ദീപിന്റെ ഗൂഗ്‌ളി
|ഇങ്ങനെയൊരു ആഗ്രഹം കുല്‍ദീപ് മനസിലൊളിപ്പിച്ചിരിക്കുമെന്ന് ധോണിയും കോഹ്‌ലിയും കരുതിയിരിക്കില്ല...
നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ് കുല്‍ദീപ് യാദവ്. ബൗളറെന്ന നിലയിലുള്ള 23കാരനായ കുല്‍ദീപിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള മുതിര്‍ന്ന കളിക്കാര്‍ ധോണിയും കോഹ്‌ലിയുമായിരിക്കും. എന്നാല്‍ ഈ ഐപിഎല്ലില്‍ ധോണിയുടേയും കോഹ്‌ലിയുടേയും വിക്കറ്റെടുക്കുകയാണ് തന്റെ സ്വപ്‌നമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കുല്‍ദീപ്.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും നന്നായി സ്പിന്നിനെ നേരിടുന്ന താരങ്ങളെന്നാണ് മഹേന്ദ്ര സിംങ് ധോണിയേയും വിരാട് കോഹ്‌ലിയേയും കുല്‍ദീപ് യാദവ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ വിക്കറ്റുകള്‍ ഈ ചൈനാമാന്‍ ബൗളര്‍ സ്വപ്‌നം കാണുന്നതും. 'ഈ ഐപിഎല്‍ സീസണില്‍ എനിക്ക് യാതൊരു ആഗ്രഹങ്ങളുമില്ലെന്ന് പറഞ്ഞാല്‍ നുണയാകും. നിരവധി മോഹങ്ങളില്‍ പ്രധാനപ്പെട്ടത് കോഹ്‌ലിയുടേയും ധോണിയുടേയും വിക്കറ്റെടുക്കുകയാണ്. സ്പിന്നിനെ നേരിടുന്ന ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ കളിക്കാനുള്ള പ്രധാന വേദിയാണ് ഐപിഎല്‍. ഇന്ത്യന്‍ ടീമില്‍ അംഗമാവുകയെന്നത് സ്വപ്‌നനേട്ടമാണ്. എങ്കിലും സ്വന്തം ടീമിലായതിനാല്‍ ഇവര്‍ക്കെതിരെ പന്തെറിയാന്‍ കഴിയില്ലല്ലോ. ആ അവസരമാണ് ഐപിഎല്ലില്‍ ലഭിക്കുന്നത്' കുല്‍ദീപ് ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
2014 സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് കുല്‍ദീപ് യാദവ്. ഇത്തവണത്തെ ലേലത്തില്‍ 5.8 കോടി രൂപയാണ് കെകെആര്‍ കുല്‍ദീപിനായി മുടക്കിയത്. വിന്‍ഡീസ് സ്പിന്‍ മാന്ത്രികനായ സുനില്‍ നരൈയ്‌നൊപ്പമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപ് പന്തെറിയുക. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത കെകെആര്‍ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് മാറിയ ശേഷമുള്ള ആദ്യ സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തികാണ് കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍. ഈ മാറ്റങ്ങളൊക്കെ നല്ലതിനാണെന്നും രണ്ട് മാസം ഉന്നത നിലവാരത്തിലുള്ള ക്രിക്കറ്റും പുതിയ സൗഹൃദവുമായിരിക്കും ഐപിഎല്ലിലൂടെ ലഭിക്കുകയെന്നുമാണ് കുല്‍ദീപ് യാദവിന്റെ പ്രതീക്ഷ.
ഏപ്രില്‍ ഏഴിനാണ് പതിനൊന്നാമത് ഐപിഎല്‍ സീസണിന് തുടക്കമാവുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംങ്‌സുമായി വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഇത്തവണത്തെ കലാശപ്പോരാട്ടത്തിനും മെയ് 27ന് മുംബൈ വാങ്കഡെ സ്‌റ്റേഡിയമാവും വേദിയാവുക. കുല്‍ദീപിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ പോരാട്ടം കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഏപ്രില്‍ എട്ടിനാണ്.