ഇന്ത്യന്‍ ടീം താമസിച്ച ഹോട്ടലില്‍ നിന്നും ഇന്ത്യക്കാരനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തു
|ഹോട്ടലിലെ ലോബിയില്‍ വച്ച് മദ്യ ലഹരിയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ യുവതിയെ അധിക്ഷേപിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ്......
സിംബാബ്‍വേ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒരു ഇന്ത്യന്‍ വംശജനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നതെന്ന് newzimbabwe.com റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലെ ലോബിയില്‍ വച്ച് മദ്യ ലഹരിയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ യുവതിയെ അധിക്ഷേപിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്. അറസ്റ്റിലുള്ളത് ഇന്ത്യന്‍ ക്രിക്കറ്ററാണെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നതെങ്കിലും സംഭവവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തിനും ബന്ധമില്ലെന്നും സ്പോണ്‍സര്‍മാരുമായി ബന്ധമുള്ള ഒരാളാണ് അറസ്റ്റിലായതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ ആരോപണം നിഷേധിച്ചതായും ആവശ്യമെങ്കില്‍ തന്‍റെ നിരപരധിത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതായും എഎന്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംഭവം ഹരാരെ പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. കളിക്കാരനാണോ ടീം ഒഫീഷ്യലാണോ ആരോപണവിധേയനെന്നതു സംബന്ധിച്ച് നിയമപരമായി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സംഭവം ബാധിക്കാനിടയുള്ളതിനാല്‍ കരുതലോടെയാണ് സിംബാബ്‍വേ പൊലീസ് പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോട്ടലില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഒരു ഇന്ത്യന്‍ വംശജനാണ് ആരോപണവിധേയനെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കിയെന്നും കമ്മീഷണര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.