കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ച ബുംറയുടെ സ്‌പെല്‍
|ആദ്യ ഏഴ് ഓവറുകളില്‍ തന്നെ മത്സരം മുംബൈ ഇന്ത്യന്‍സിന്റെ നിയന്ത്രണത്തിലാക്കാന്‍ ബുംറയുടെ ബൗളിംഗാണ് കാരണമായത്.
രണ്ട് ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട്് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയുടെ സ്‌പെല്ലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംങ് നിരയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഏഴ് ഓവറുകളില്‍ തന്നെ മത്സരം മുംബൈ ഇന്ത്യന്‍സിന്റെ നിയന്ത്രണത്തിലാക്കാന്‍ ബുംറയുടെ ബൗളിംഗാണ് കാരണമായത്.
ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.5 ഓവറില്‍ വെറും 107 റണ്ണിന് പുറത്തായി. കരുത്തുറ്റ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംങ് നിരയ്ക്ക് ഇതൊരു വെല്ലുവിളിയേ ആയിരുന്നില്ല. ആദ്യവിക്കറ്റുകള്‍ തുടരെ വീണിട്ടും ക്രുണാല്‍ പാണ്ഡ്യയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് പ്രതീക്ഷിച്ച വിജയം മുംബൈക്ക് നേടിക്കൊടുക്കുക തന്നെ ചെയ്തു.
തന്റെ മൂന്നാം പന്തില്‍ അപകടകാരിയായ ക്രിസ് ലൈനിനെ പുറത്താക്കിയാണ് ബുംറ തുടങ്ങിയത്. ബുംറയുടെ ഫുള്ളര്‍ ലെങ്ത് ബോള്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ലൈനിനെ പൊള്ളാര്‍ഡ് സുരക്ഷിതമായി പിടികൂടുകയായിരുന്നു. കളിയിലെ ആറാം ഓവറിലെ രണ്ടാം പന്തില്‍ ഉത്തപ്പയാണ് ബുംറക്കിരയായത്. മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയില്‍ തൊടുത്ത പന്ത് ബാറ്റില്‍ തൊടാതെ പാഡില്‍ തൊട്ടപ്പോള്‍ അമ്പയര്‍ എല്‍ബിഡബ്ലു അനുവദിക്കുകയായിരുന്നു. അപ്പോള്‍ 1.2 ഓവറില്‍ രണ്ട് റണ്ണിന് രണ്ട് വിക്കറ്റ് എന്നായിരുന്നു ബുംറയുടെ ബൗളിംങ് ഫിഗര്‍. ആ ഓവറില്‍ ബുംറ റണ്ണൊന്നും വിട്ടുകൊടുക്കുകയുംചെയ്തില്ല.
ഏഴ് ഓവറില്‍ 31 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിന് പിന്നീടൊരിക്കലും മത്സരത്തിന്റെ നിയന്ത്രണം ലഭിച്ചില്ല. പതിനേഴാം ഓവറെറിയാനെത്തിയ ബുംറ ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവിനെ ഇരയാക്കി. ഡീപ് ഫൈന്‍ ലെഗില്‍ മലിംഗ പിടിച്ചാണ് യാദവ് പുറത്തായത്. എറിഞ്ഞ ഓരോ ഓവറുകളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് നേടിയാണ് മത്സരം അവസാനിപ്പിച്ചത്.