പോളണ്ടിലെ യുവ തലമുറക്ക് മാതൃകയായി ബ്ലാസികോവ്‌സ്‍കി
|വാഴ്ചകളും വീഴ്ചകളും ചേര്‍ന്നാലെ ഫുട്ബോള്‍ പൂര്‍ണ്ണമാകൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹീറോ ആവുക. തൊട്ടുപിന്നാലെ ക്വാര്‍ട്ടറില്‍ വില്ലനും. യൂറോ കപ്പില്‍ പോര്‍ചുഗലിനെതിരായ മത്സരത്തില്‍ യാക്കൂബ് ബ്ലാസികോവ്‌സ്‍കിയെ കാത്തിരുന്നത് ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷങ്ങളായിരുന്നു.
ചരിത്രത്തിലാദ്യമായി പോളണ്ട് യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ വില്ലനായത് പെനാല്‍റ്റി ഷൂട്ടൌട്ടായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഗോള്‍ നേടി ടീമിനെ രക്ഷിച്ച യാക്കൂബ് ബ്ലാസികോവ്‌സ്‍കിയാണ് പോര്‍ചുഗലിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തി ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്.
വാഴ്ചകളും വീഴ്ചകളും ചേര്‍ന്നാലെ ഫുട്ബോള്‍ പൂര്‍ണ്ണമാകൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹീറോ ആവുക. തൊട്ടുപിന്നാലെ ക്വാര്‍ട്ടറില്‍ വില്ലനും. യൂറോ കപ്പില്‍ പോര്‍ചുഗലിനെതിരായ മത്സരത്തില്‍ യാക്കൂബ് ബ്ലാസികോവ്‌സ്‍കിയെ കാത്തിരുന്നത് ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷങ്ങളായിരുന്നു.
പക്ഷേ താരത്തിനെ പഴിക്കാന്‍ പോളണ്ട് പരിശീലകനോ ടീമംഗങ്ങളോ തയ്യാറായിരുന്നില്ല. ഒരു ടീമായിട്ടാണ് ഞങ്ങള്‍ മത്സരം തോറ്റതെന്നായിരുന്നു സൂപ്പര്‍ താരം ലെവന്‍ഡോസ്കിയുടെ പ്രതികരണം. ഈ യൂറോ കപ്പില്‍ രണ്ട് ഗോളുകള്‍ നേടിയ ബ്ലാസികോവ്‌സ്‍കി ഒരു ഗോളിന് വഴിയൊരുക്കുകയും ടീമിനെ ക്വാര്‍ട്ടറിലെത്തിക്കുകയും ചെയ്തു.
കൂബ എന്നാണ് ബ്ലാസികോവ്‌സ്‍കിയുടെ വിളിപ്പേര്. ട്രസ്കൊളാസിയിലെ ഒരു ഗ്രാമത്തിലാണ് ജനനം. പ്രാദേശിക ക്ലബായ റാകോവിലൂടെയായിരുന്നു കരിയറിന്‍റെ തുടക്കം. പതിനൊന്നാം വയസ്സില്‍ അമ്മയെ സ്വന്തം അച്‌ഛന്‍ കൊലപ്പെടുത്തുന്നത് നേരിടേണ്ടി കാണെണ്ടി വന്നതോടെയാണ് ബ്ലാസികോവ്‌സ്‍കിയുടെ ജീവിതം മാറി മറിയുന്നത്. അച്ഛന്‍ ജയിലിലായതോടെ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് ബ്ലാസികോവ്‌സ്‍കിയും സഹോദരനും വളര്‍ന്നത്. ഈ സംഭവത്തോടെ ഫുട്ബോളിനെ പൂര്‍ണ്ണമായും മറന്ന നിലയിലായി കൂബ.
ബന്ധുവും പോളണ്ട് ടീമിന്റെ മുന്‍ നായകനുമായ ജെര്‍സി ബെര്‍സിസിക് നല്‍കിയ പ്രചോദനമാണ് ഫുട്ബോളിലേക്ക് തിരിച്ചു വരാന്‍ ബ്ലാസികോവ്‌സ്‍കിയെ സഹായിച്ചത്. പിന്നീട് തിരിഞ്ഞു നോല്‍ക്കേണ്ടി വന്നിട്ടില്ല. പോളണ്ടിലെ സാധാരണ ലീഗുകളിലെ കളിച്ചു തുടങ്ങിയ കൂബ 2007ലാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ടീമിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബിന്‍റെ രണ്ട് ബുണ്ടെസ് ലിഗ കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.
2006ലാണ് പോളണ്ടിനായി അരങ്ങേറ്റം കുറിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് 2006ലെ ലോകകപ്പും 2008ലെ യൂറോ കപ്പും നഷ്ടമായി. 2010ല്‍ പോളണ്ട് ടീമിന്റെ നായകനായി. ദേശീയ ജെഴ്സിയില്‍ 84 മത്സരങ്ങള്‍ 18 ഗോളുകളും.
2012ലെ യൂറോ കപ്പാണ് ബ്ലാസികോവ്‌സ്‍കിയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്‍റ്. തിരിച്ചടികളില്‍ നിന്ന് തിരിച്ചു വരാനുള്ള ഊര്‍ജമായിരുന്നു എല്ലാക്കാലത്തും കൂബയെ മുന്നോട്ടു നയിച്ചത്. അതുകൊണ്ട് തന്നെ പെനാല്‍റ്റി നഷ്ടപ്പെട്ടതിന്റെ നടുക്കത്തില്‍ നിന്ന് ബ്ലാസികോവ്‌സ്‍കി ഉടന്‍ തിരിച്ചു വരുമെന്ന് ആരാധകരും സഹകളിക്കാരും ഒരേപോലെ പ്രതീക്ഷിക്കുന്നു. കാരണം പോളണ്ടിലെ യുവ തലമുറക്ക് മാതൃകയാണ് കൂബയുടെ ജീവിതം.