പൂജാരയുടെ അപൂര്‍വ്വ സിക്സറും കൊഹ്ലിയുടെ ആഘോഷവും
|ഏകദിന ശൈലിയില്‍ അടിച്ചു കളിച്ച താരം 57 പന്തുകളില്‍ നിന്നും അര്‍ധശതകവും കണ്ടെത്തി. ആറ് ബൌണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ആ വെടിക്കെട്ട്.
സ്ഫോടനാത്മക ബാറ്റിങ് എന്നത് ചേതേശ്വര്‍ പൂജാരക്ക് പൊതുവെ വഴങ്ങാത്ത ഒന്നാണ്. ടെസ്റ്റില്‍ പോലും മെല്ലെപ്പോക്കു മൂലം പൂജാരയുടെ ടീമിലെ സ്ഥാനം സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ തീര്‍ത്തും വ്യത്യസ്തനായ പൂജാരയെയാണ് കണ്ടത്. ഏകദിന ശൈലിയില്‍ അടിച്ചു കളിച്ച താരം 57 പന്തുകളില്‍ നിന്നും അര്‍ധശതകവും കണ്ടെത്തി. ആറ് ബൌണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ആ വെടിക്കെട്ട്.
അത്യപൂര്‍വ്വമായി മാത്രം പൂജാരയുടെ ബാറ്റില്‍ നിന്നും പറക്കുന്ന സിക്സര്‍ ബാറ്റിംഗ് ക്രീസില്‍ കൂട്ടായി ഉണ്ടായിരുന്ന നായകന് വിരാട് കൊഹ്ലിയിലുണ്ടാക്കിയ ആഹ്ളാദം ചെറുതായിരുന്നില്ല. തസ്കീന്‍ അഹമ്മദിനെ പൂജാര ബൌണ്ടറിക്ക് മുകളിലൂടെയുയര്ത്തിയപ്പോള് വലം കൈ കൊണ്ട് ബാറ്റിലടിച്ച് സ്വന്തം നേട്ടം പോലെ കൊഹ്ലി അത് ആഘോഷിച്ചു.