റെയ്നക്ക് വിനയായത് 'കുടുംബ സ്നേഹി'യായി മാറിയത്
|രഞ്ജി സീസണില്‍ ഉത്തര്‍പ്രദേശിനായി റെയ്ന കളിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികള്‍ക്കായി കളത്തിലിറങ്ങാന്‍ പോലും തയ്യാറായിരുന്നില്ല...
കളിക്കാര്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് സുരേഷ് റെയ്ന പട്ടികയിലില്ലെന്നതായിരുന്നു. മുന്‍ നായകന്‍ ധോണിയുടെ ഇഷ്ടക്കാരിലൊരാളായ റെയ്നയ്ക്ക് സി ഗ്രേഡ് കരാര്‍ പോലും ലഭിക്കാതിരുന്നത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. വിവാഹത്തോടെ ക്രിക്കറ്റിലുള്ള ശ്രദ്ധ കുറഞ്ഞതാണ് താരത്തിന് വിനയായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിന്‍റെ ഒരു മുന്‍ പരിശീലകനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിവാഹത്തോടെ റെയ്നയുടെ മുന്‍ഗണനകള്‍ മാറിയെന്നും ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ കുടുംബത്തിനാണ് താരം മുന്‍ഗണന നല്‍കുന്നതെന്നുമാണ് പരിശീലകന്‍റെ ആരോപണം, ക്രിക്കറ്റില്‍ അവന്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അര്‍ധമനസുള്ള ഒരു ക്രിക്കറ്റ് താരമായി അവന്‍ മാറി കഴിഞ്ഞു. ഈ രഞ്ജി സീസണില്‍ ഉത്തര്‍പ്രദേശിനായി റെയ്ന കളിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികള്‍ക്കായി കളത്തിലിറങ്ങാന്‍ പോലും തയ്യാറായിരുന്നില്ല.
ടീമിലെ സ്ഥാനത്തിനായി യുവതാരങ്ങള്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കുന്ന ഈ കാലഘട്ടത്തില്‍ ടെസ്റ്റ്, ഏകദിന ടീമുകളിലെ സാന്നിധ്യം റെയ്നയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അടഞ്ഞ അധ്യായമാണ്. ട്വന്‍റി20 മാത്രമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ. ഐപിഎല്ലിലെ പ്രകടനമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക - മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പരിശീലകന്‍ പറഞ്ഞു.
2015ലാണ് ഏകദിന, ടെസ്റ്റ് ടീമുകളില്‍ റെയ്ന അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്‍റി20 പരന്പരയില്‍ താരം കളിച്ചിരുന്നു.