സ്പാനിഷ് ലീഗ് ചാമ്പ്യനെ ഇന്നറിയാം
|നിലവിലെ പോയിന്റ് വേട്ടയില്‍ ബാഴ്‌സയെ മൂന്ന് പോയിന്റ് പിന്നിലാക്കി കുതിക്കുന്ന റയലിന് ഒരു സമനില നേടിയാല്‍ പോലും കിരീടം ചൂടാം
സ്പാനിഷ് ലീഗ് ചാംപ്യനെ ഇന്നറിയാം. മലാഗക്കെതിരെ സമനിലയോ ജയമോ നേടിയാല്‍ റയല്‍ മാഡ്രിഡ് വീണ്ടും കപ്പുയര്‍ത്തും. റയല്‍ തോല്‍ക്കുകയും എയ്ബാറിനെതിരായ മത്സരം ജയിക്കുകയും ചെയ്താല്‍ ബാഴ്‌സയാകും ചാംപ്യന്മാര്‍.
ഇനി ആവേശത്തിന്റെ നിമിഷങ്ങള്‍. റയലിനും ബാഴ്‌സക്കും കിരീടം ഒരു മത്സരമകലെ. സാധ്യത കൂടുതല്‍ സിദാന്‍ നയിക്കുന്ന റയലിനും. നിലവിലെ പോയിന്റ് വേട്ടയില്‍ ബാഴ്‌സയെ മൂന്ന് പോയിന്റ് പിന്നിലാക്കി കുതിക്കുന്ന റയലിന് ഒരു സമനില നേടിയാല്‍ പോലും കിരീടം ചൂടാം. എന്നാല്‍ സമനിലയല്ല മറിച്ച് മികച്ച മാര്‍ജിനിലുള്ള ജയമാണ് അവര്‍ സ്വപ്നം കാണുന്നത്. പരിക്കേറ്റ ഗാരത്‌ബെയ്‌ലിനും ഡാനി കര്‍വാജലിനും കലാശപ്പോര് സൈഡ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും. സെല്‍റ്റാവിഗോക്കെതിരായ മത്സരം നഷ്ടമായ ഹാമിഷ് റോഡ്രിഗസ് തിരിച്ചെത്തിയേക്കും. റൊണാള്‍ഡോയും ബെന്‍സേമയും ഇസ്‌കോയും ടോണി ക്രൂസും കാസ്മിറോയും മോഡ്രിച്ചുമെല്ലാം മത്സരത്തിനുണ്ടാകും. മാഴ്‌സലോ, നായകന്‍ റാമോസ്, വരാനെ, നാച്ചോ എന്നിവര്‍ പ്രതിരോധ കോട്ട കാക്കുമ്പോള്‍ ഗോള്‍ വലക്ക് മുന്നില്‍ കെയ്‌ലര്‍ നവാസും. പരിശീലകന്‍ സിദാന്‍ കാത്തിരിക്കുന്ന ഒരു വലിയ ജയം കൂടിയാണിത്.
എയ്ബാറിനെതിരായ മത്സരം ജയിച്ചാല്‍ മാത്രം പോരാ റയല്‍ തോല്‍ക്കുകയും ചെയ്താല്‍ ലൂയി എന്റിക്വക്കും കൂട്ടര്‍ക്കും രക്ഷയുള്ളൂ. മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ എയ്ബാറിനെതിരെ മികച്ച ജയം നേടാം. ചാംപ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായ ടീമിന് ഇനി സ്പാനിഷ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഈ സീസണോടെ ടീം വിടുന്ന പരിശീലകന്‍ ലൂയി എന്റിക്വക്ക് മികച്ച യാത്രയയപ്പ് നല്‍കണമെങ്കില്‍ മെസിയും ടീമും മാത്രം ശ്രമിച്ചാല്‍ പോരാ, മലാഗ കൂടി കനിയണം.