കുംബ്ലെയെ സ്വാഗതം ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്ത് കൊഹ്‍ലി
|അനില്‍ കുംബ്ലെ സര്‍, താങ്കളുമായുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നല്ല ദിനങ്ങളാണ് - ഇതായിരുന്നു കൊഹ്‍ലിയുടെ സ്വാഗത ട്വീറ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും രാജിവച്ചൊഴിഞ്ഞ അനില്‍ കുംബ്ലെ നായകന്‍ വിരാട് കൊഹ്‍ലിക്ക് തന്നോടുള്ള ഭിന്നതകളാണ് രാജിക്ക് വഴിവച്ചതെന്ന് പരസ്യമാക്കിയതിന് പിന്നാലെ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി നിയോഗിക്കപ്പെട്ടപ്പോള്‍ സ്വാഗതം ചെയ്ത പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കൊഹ്‍ലി. 2016 ജൂണ്‍ 23ന് ചെയ്ത ട്വീറ്റാണ് കൊഹ്‍ലി നീക്കം ചെയ്തത്. സ്വാഗതം അനില്‍ കുംബ്ലെ സര്‍, താങ്കളുമായുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നല്ല ദിനങ്ങളാണ് - ഇതായിരുന്നു കൊഹ്‍ലിയുടെ സ്വാഗത ട്വീറ്റ്, കുംബ്ലെയുമായുള്ള ഭിന്നതകള്‍ മാധ്യമ സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്ന കൊഹ്‍ലി പക്ഷേ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഒരിക്കലും പരിശീലകന്‍റെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല.
ശക്തമായ ഭിന്നതകളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചതെന്ന് വ്യക്തമായതോടെ സംഭവത്തില്‍ കൊഹ്‍ലിയുടെ ഭാഗം അറിയാനുള്ള ആഗ്രഹം പല ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും മൌനം തുടര്‍ന്ന ഇന്ത്യന്‍ നായകന്‍ തന്‍റെ നിലപാട് ശക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.