ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിന് എന്‍. ശ്രീനിവാസന് വിലക്ക്
|ജൂണ്‍ 26 ന് നടന്ന യോഗത്തില്‍ സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളായി പങ്കെടുത്തതതിന് ശ്രീനിവാസനും നിരഞ്ജന്‍ ഷായ്ക്കും ഈ മാസം പതിനാലിന് കോടതി നോട്ടീസ് അയച്ചിരുന്നു
ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിന് എന്‍ ശ്രീനിവാസനെയും നിരഞ്ജന്‍ ഷായെും സുപ്രീംകോടതി വിലക്കി. യോഗത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ മാത്രം പങ്കെടുത്താല് മതിയെന്ന് കോടതി പറഞ്ഞു. ബുധനാഴ്ചയാണ് യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കോടതി രംഗത്തെത്തിയത്. ജൂണ്‍ 26 ന് നടന്ന യോഗത്തില്‍ സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളായി പങ്കെടുത്തതതിന് ശ്രീനിവാസനും നിരഞ്ജന്‍ ഷായ്ക്കും ഈ മാസം പതിനാലിന് കോടതി നോട്ടീസ് അയച്ചിരുന്നു. അയോഗ്യരാക്കപ്പെട്ടവര്‍ പുറത്തിരിക്കണമെന്നാണ് കോടതി പറഞ്ഞത്.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസനും നിരഞ്ജന്‍ ഷായ്ക്കുമെതിരെ കടുത്ത പരാമര്‍ശമാണുള്ളത്. ഇരുവരും യോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ക്രിക്കറ്റില്‍ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ക്ക് ഇരുവരും വിലങ്ങുതടിയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരത്തിന്റെ ഉന്നത പദവികളിലെത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.