അസൂയാലുക്കളായ ചിലര്‍ ധോണിയുടെ കരിയറിന്റെ അവസാനം കാത്തിരിക്കുകയാണെന്ന് ശാസ്ത്രി
|ധോണിയുടെ വില ടീം മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ ടീം കാര്യമായി എടുക്കുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി ആത്യന്തികമായി ഒരു ടീം മാനാണെന്നും അദ്ദേഹത്തിന് ചില മോശം ദിനങ്ങള്‍ വന്ന് ആ കരിയറിന് അവസാനം ഉണ്ടാക്കാന്‍ അസൂയാലുക്കളായ ചിലര്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിയ ആനന്ദ ബസാര്‍ പത്രികക്ക് നല്കിയ അഭിമുഖത്തിലാണ് ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്. ധോണിക്ക് ചില മോശം ദിനങ്ങള്‍ വരുന്നത് കാത്തിരിക്കുന്ന ചില അസൂയാലുക്കളുണ്ടെന്ന് തോന്നുന്നു. ധോണിയുടെ അവസാനം കാത്തിരിക്കുന്ന ചിലരുണ്ട്. പക്ഷേ ധോണിയെ പോലുള്ള കളിക്കാര്‍ അവരുടെ ഭാവി സ്വയം രചിക്കുന്നവരാണ് - ശാസ്ത്രി പറഞ്ഞു.
ധോണിയുടെ വില ടീം മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ ടീം കാര്യമായി എടുക്കുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.
വിമര്‍ശങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം കാര്യമായ സ്വാധീനം ചെലുത്തുന്നതല്ല. ടീമിലെ ധോണിയുടെ സ്ഥാനം എന്താണെന്ന് ടീമിലെ ഓരോ അംഗത്തിനും പൂര്‍ണ ബോധ്യമുണ്ട്. ടീമിനായി സര്‍വ്വം സമര്‍പ്പിക്കുന്ന ഒരാളാണ് അദ്ദേഹം. നേരത്തെ മികച്ച നായകനായിരുന്നു, ഇപ്പോള്‍ ടീമിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ധോണി ഒരു സൂപ്പര്‍ സ്റ്റാറാണ്. അയാള്‍ എന്നും ഒരു സംസാര വിഷയമാണ്, കാരണം അയാള്‍ ഒരു ഇതിഹാസമാണ്. ഇത്ര മഹത്തരമായ ഒരു കരിയറിന്റെ ഉടമയാകുമ്പോള്‍ ടെലിവിഷനിലെ സംസാര വിഷയം അയാളാകുന്നതില് അത്ഭുതമില്ല.