റഷ്യയില്ലാതെ റിയോ ഒളിമ്പിക്സ്?
|വിയന്നയില്‍ ചേര്‍ന്ന IAAF യോഗത്തില്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഇതോടെ റഷ്യക്ക് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി.
അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ അത്‍ലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ ലോക അത്‍ലറ്റിക് ഫെഡറേഷന്‍ തീരുമാനം. വിയന്നയില്‍ ചേര്‍ന്ന IAAF യോഗത്തില്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഇതോടെ റഷ്യക്ക് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി.
താല്‍ക്കാലിക വിലക്ക് പിന്‍വലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റഷ്യന്‍ അത്‍ലറ്റിക് ഫെഡറേഷനും സര്‍ക്കാറും പരാജയപ്പെട്ടെന്നാണ്ലോക അത്‍ലറ്റിക് ഫെഡറേഷന്‍റെ നിഗമനം. ഇതോടെയാണ് വിലക്ക് തുടരാന്‍ തീരുമാനിച്ചത്. കുറച്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും അത് പോരാ എന്നാണ് ഫെഡറേഷന്‍റെ കണ്ടെത്തല്‍.
എന്നാല്‍ ഉത്തജക മരുന്ന് ഉപയോഗിച്ചില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ വ്യക്തിപരമായി താരങ്ങള്‍ക്ക് പങ്കെടുക്കാം. നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ അത് ലറ്റുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും IAAF പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു
തീരുമാനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും സെബാസ്റ്റ്യന്‍ കോ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍റെ തീരുമാനത്തിനെതിരെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും അത്‌ലറ്റുകളും രംഗത്തെത്തി. വിലക്ക് തുടരാനുള്ള തീരുമാനം അനീതിയാണെന്ന് പ്രതികരിച്ച പുടിന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായും ഉത്തേജക വിരുദ്ധ ഏജന്‍സിയുമായും ചര്‍ച്ച നടത്തുമെന്ന് പറഞ്ഞു
തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പോള്‍വാള്‍ട്ട് താരം ഇസിന്‍ബയേവ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റഷ്യന്‍ അത്ലറ്റുകളെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ നിന്ന് വിലക്കിയത്. രാജ്യത്തെ പ്രതിനിധീകരിക്കാതെ അത്‍ലറ്റുകള്‍ക്ക് സ്വന്തം നിലയിലോ, ഫെഡറേഷന്‍ പതാകക്ക് കീഴിലോ മത്സരിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ അടുത്തയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ചേരുന്ന അന്താരാഷ്ട്ര ഒളിംപിംക് കമ്മറ്റി തീരുമാനമെടുക്കും.